ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഹൈദരാബാദ് പോലീസ് നടത്തിയ റെയ്ഡിൽ നടിയും വിഐപികളുടെ മക്കളും ഉൾപ്പെടെ 142 പേർ പിടിയിൽ. ബഞ്ചാര ഹിൽസിലെ റാഡിസണ്‍ ബ്ലു ഹോട്ടലിലെ പബ്ബിൽ ലഹരി പാർട്ടിക്കിടെയായിരുന്നു പോലീസ് റെയ്ഡ്.
ഞായറാഴ്ച പുലർച്ചെയാണ് ഹൈദരാബാദ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയത്. ഹോട്ടലിൽനിന്നും നിരോധിത മയക്കുമരുന്നായ കൊക്കെയ്ൻ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.
തെലുങ്ക് നടി, നടൻ നാഗ ബാബുവിന്റെ മകൾ, ബിഗ് ബോസ് തെലുങ്ക് ഷോയിലെ വിജയിയും ഗായകനുമായ രാഹുൽ സിപ്ലിഗഞ്ച്, ആന്ധ്രാപ്രദേശിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകൾ, തെലുങ്കു ദേശം എംപിയുടെ മകൻ തുടങ്ങി നിരവധി പ്രമുഖരാണ് പിടിയിലായത്.
അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിന് ബഞ്ചാര ഹിൽസിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവചന്ദ്രയെ ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് സസ്പെൻഡ് ചെയ്തു.
ഖമ്മം ജില്ലയിൽനിന്നുള്ള മുൻ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടലിലെ പബ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.