മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്ത സംഭവത്തിൽ അർബൻ ബാങ്കുമായി എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച ഇന്ന്.
കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്തതായി മാത്യു കുഴൽനാടൻ എംഎൽഎ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബാങ്കുമായി ഇന്ന് ചർച്ച നടത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ച പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും നാല് കുട്ടികളെയാണ് ജപ്തി നടപടിയുടെ ഭാഗമായി മൂവാറ്റുപുഴ അർബൻ ബാങ്ക് മാതാപിതാക്കൾ ഇല്ലാത്ത സമയം ഇറക്കിവിട്ടത്.
ഹൃദ്രോഗിയായ പിതാവ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു ബാങ്കിന്റെ നടപടി. ബാങ്കിന്റെ ക്രൂര നടപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ജനപ്രതിനിധികൾ വീട് പൂട്ടിയിരുന്ന താഴ് തകർത്ത് കുട്ടികളെ വീട്ടിൽ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവം വലിയ വാർത്തയായതോടെ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി നിരവധി ആളുകൾ സഹായ വാഗ്ദാനങ്ങൾ അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
എന്നാൽ ഈ കുടുംബത്തിന്റെ കാര്യത്തിനായി തുക താൻ നൽകുമെന്നും സഹായിക്കാൻ സന്നദ്ധത അറിയിച്ച മറ്റുള്ളവരിൽനിന്ന് പണം സ്വരൂപിച്ചു ഇതുപോലെ ദുരിമനുഭവിക്കുന്ന മറ്റു കുടുംബങ്ങൾക്കു നൽകുമെന്നും എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് നൽകിയ സ്ഥലത്ത് നിർമിച്ച വീട്
പഞ്ചായത്ത് നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് നിർമിച്ച വീടിനെതിരേയാണ് അർബൻ ബാങ്ക് ജപ്തി നടപടി സ്വീകരിച്ചത്. അജേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു. ഇവർ വീട്ടിൽ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് അയൽവാസികളും നാട്ടുകാരും സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയിരുന്നില്ല.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി എന്നിവർ ചേർന്ന് വീട് പൂട്ടിയിട്ടിരുന്ന താഴ് തകർത്ത് കുട്ടികളെ തിരികെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു.
നിസഹായരായ കുട്ടികളെ വീട്ടിൽനിന്നു പുറത്തിറക്കി വിട്ട് ജപ്തി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ പോലീസും സർക്കാരും തയാറാകണമെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
വായ്പ ഒരു ലക്ഷം;70,000 തിരിച്ചടച്ചു
ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അർബൻ ബാങ്കിൽ നിന്ന് ഏഴ് വർഷം മുൻപെടുത്ത ഒരു ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനൊടുവിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ വഴിയിലിറക്കി വിട്ട് ബാങ്ക് വീട് സീൽ ചെയ്തത്.
നാല് തവണ ഹൃദയാഘാതം വന്ന അജേഷ് വായ്പ്പ തിരിച്ചടക്കാനാവാതെ വിഷമത്തിലാണ്. ഒരു ലക്ഷം രൂപയിൽ പലിശയും മറ്റുമായി 70,000 രൂപയോളം പലപ്പോഴായി അടച്ചുവെന്ന് അജേഷ് പറയുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയും എഴിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അഞ്ചിൽ പഠിക്കുന്ന മകളുമാണുള്ളത്.
അത്യാവശ്യം തുണിയും മറ്റും എടുത്തുകൊള്ളാൻ പറഞ്ഞ് പോലീസും വക്കീലും ബാങ്ക് ജീവനക്കാരും ചേർന്ന് ഇവരെ ഇറക്കി വിട്ട് വീട് പൂട്ടി സീൽ ചെയ്യുകയായിരുന്നു എന്ന് പായിപ്ര പഞ്ചായത്ത് ഉപസമിതി ചെയർമാൻ എം.സി. വിനയൻ പറഞ്ഞു.
പഞ്ചായത്തിൽനിന്ന് കിട്ടിയ നാല് സെന്റ് സ്ഥലത്താണ് ഈ കുടുംബം കഴിയുന്നതെന്നും വിനയൻ പറഞ്ഞു. ഫോട്ടോഗ്രാഫറായിരുന്ന അജേഷ് രോഗിയോയതോടെ ജോലിക്കു പോകാൻ കഴിയത്ത സ്ഥിതിയിലായിരുന്നു.
പഞ്ചായത്തംഗങ്ങളായ നജി ഷാനവാസ്, ഷാഫി മുതിരക്കാലായിൽ, മുൻ അംഗങ്ങളായ കെ.പി. ഉമ്മർ, പി.എ. കബീർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് തടിച്ചു കൂടി പ്രതിഷേധിച്ചിരുന്നു.