തൃക്കൊടിത്താനം: അയൽക്കൂട്ടത്തിൽനിന്നും വായ്പ എടുത്ത തുകയുടെ തവണ മുടങ്ങി കാര്യം സംസാരിച്ചതു ഇഷ്്ടപ്പെട്ടില്ല യുവാവ് ഭാര്യ മാതാവിനെയും അയൽവാസിയായ വീട്ടമ്മയെയും ആക്രമിച്ചു. തൃക്കൊടിത്താനം പനച്ചിമൂട്ടിൽ തെക്കേതിൽ അനീഷ്(35)ആണ് സംഭവത്തിൽ അറസ്റ്റിലായത്.
അനീഷിന്റെ ഭാര്യാമാതാവ് മണിയമ്മ(60), സമീപവാസിയായ സിന്ധു(38)എന്നിവർക്കാണ് തലയ്ക്ക് അടിയേറ്റത്. അനീഷിന്റെ പേരിൽ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അനീഷും ഭാര്യ രജിതയും കുട്ടികളും താമസിക്കുന്നത് തൃക്കൊടിത്താനത്തുള്ള രജിതയുടെ വീട്ടിലാണ്. മദ്യപിച്ചെത്തുന്ന അനീഷ് ഭാര്യ രജിതയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്.
അനീഷിന്റെ ഭാര്യ രജിതയും മണിയമ്മയും ചേർന്ന് അയൽക്കൂട്ടത്തിൽനിന്നും പണം വായ്പയെടുത്തു. തവണ മുടങ്ങിയപ്പോൾ അയൽക്കൂട്ടം ഭാരവാഹികൾ വീട്ടിലെത്തി കാര്യം തിരക്കിയത് അനീഷിന് ഇഷ്ടപ്പെട്ടില്ല.
ഇതേച്ചൊല്ലിയും അനീഷും ഭാര്യയും തമ്മിൽ വഴിക്കിട്ടിരുന്നു. ഇക്കാര്യങ്ങൾ രജിത അയൽവാസി സിന്ധുവുമായി സംസാരിച്ചതും അനീഷ് ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അനീഷ് സിന്ധുവിന്റെ വീട്ടിലെത്തി തർക്കമുണ്ടാകുകയും സിന്ധുവിന്റെ തലക്ക് അടിക്കുകയും ചെയ്തു.
ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് മണിയമ്മയുടെ തലക്ക് അടിയേറ്റത്. ഇരുവരുടേയും തലക്കു പരിക്കറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃക്കൊടിത്താം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ അശോകൻ, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.