വാകത്താനം: ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റയാൾ മരിച്ച സംഭവത്തിൽ വാകത്താനം പോലീസ് അന്വേഷണം ആരംഭിച്ചു.
പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാ(40)ണു മരിച്ചത്. ഞാലിയാകുഴിയിലെ ബാറിനു മുന്നിൽ ഞായറാഴ്ച രാത്രി 11നാണ് സംഭവമുണ്ടായത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണ കാരണം സംബന്ധിച്ചു വിശദമായ വിവരം ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
സംഘർഷത്തിൽ ഉൾപ്പട്ടെവരെന്ന് സംശയിക്കുന്ന രണ്ടു പേർ പോലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഇലക്ട്രീഷ്യനാണു മരിച്ച ജിനു വർഗീസ്.ഞായറാഴ്ച രാത്രിയിൽ മദ്യപിച്ചശേഷം പുറത്തിറങ്ങിയ രണ്ടു സംഘങ്ങൾ തമ്മിൽ ബാറിനു മുന്നിൽ സംഘർഷമുണ്ടാവുകയായിരുന്നു.
ആദ്യം വാക്കേറ്റവും തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.ഇതിനിടെ തലയ്ക്ക് അടിയേറ്റ ജിനു ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് ജിനുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്പ് ജീവൻ നഷ്ടമായി. ഭാര്യ: ലിൻസി. മക്കൾ: ജയ്ഡൻ, ജിയോൻ.