മൂവാറ്റുപുഴ: മാനം രക്ഷിക്കാന്‍ ബാങ്ക് ജീവനക്കാര്‍ പണമടച്ചത് ഒടുവില്‍ മാനക്കേടായി.
പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വി.എ. അജേഷിന്റെ വായ്പ കുടിശിക അര്‍ബന്‍ ബാങ്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) ജീവനക്കാര്‍ അടച്ചതാണ് തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരിക്കെ അവരെ ഇറക്കിവിട്ട് അജേഷിന്റെ വീട് ബാങ്ക് ജപ്തി ചെയ്തത്.
ഇതേ തുടര്‍ന്ന് പെരുവഴിയിലായ കുട്ടികളെ വിവരമറിഞ്ഞെത്തിയ മാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറ്റുകയായിരുന്നു.
മുഴുവന്‍ ബാധ്യതകളും താന്‍ അടച്ചുകൊള്ളാമെന്ന് എംഎല്‍എ അപ്പോള്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാരുടെ സംഘടന പണം സ്വരൂപിച്ച് കുടിശിക തീര്‍ത്തതായി കാണിച്ച് ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ നവമാധ്യമങ്ങള്‍വഴി അറിയിച്ചത്.
എന്നാല്‍ തന്റെ കട ബാധ്യത തീര്‍ക്കാന്‍ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്നായിരുന്നു അജേഷിന്റെ മറുപടി.
മാത്യു കുഴല്നാടന് എംഎല്‍എ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്തെത്തിയതെന്നും അജേഷ് പറഞ്ഞു.
ബാങ്ക് ജീവനക്കാര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നും, വീഴ്ച മറയ്ക്കാനാണ് ജീവനക്കാര്‍ ഇപ്പോള്‍ തനിക്ക് സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയതെന്നും അജേഷ് പറഞ്ഞു.
ഈ ദയ നേരത്തെ കിട്ടിയിരുന്നെങ്കില്‍ എനിക്കും കുടുംബത്തിനും നാണക്കേട് ഒഴിവാക്കാമായിരുന്നു. പണം വാങ്ങി മുങ്ങി നടക്കുന്ന ആളെ പോലെയാണ് അവര്‍ എന്നെ ചിത്രീകരിച്ചതെന്നും അജേഷ് കൂട്ടിച്ചേര്‍ത്തു.
ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറാണെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍ക്ക് ഇന്നലെ രാവിലെ മാത്യു കുഴല്നാടന് എംഎല്‍എ കത്ത് നല്കി.
ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. അജേഷിന്റെ നാല് കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിച്ചുകൊള്ളാമെന്നും എംഎല്‍എ ഉറപ്പും നല്‍കിയിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജേഷ് ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ മടങ്ങിയെത്തി