ടി വി പുരം: ടി വി പുരത്ത് സ്വകാര്യ പണമിടപാടു സ്ഥാപനം പൂട്ടി ഉടമ കുടുംബ സമേതം കടന്നു കളഞ്ഞത് കോടിക്കണക്കിനു രൂപയുമായിട്ടാണെന്ന് പരാതി.
ടി വി പുരത്തെ എസ് എൻ ഫിനാൻസ് ഉടമ സഹദേവനാണ് നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്.ഇന്നലെ പണവും സ്വർണവും നഷ്ടപ്പെട്ട 55 ഇടപാടുകാരാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
ഇവർക്ക് രണ്ടു കോടി രൂപയിലധികം നഷ്ടപ്പെട്ടതായാണ് ആരോപണം.രണ്ടു പവൻ മുതൽ 12 ലക്ഷം രൂപ വരെ നഷ്ടപ്പട്ടവർ പരാതിക്കാരിലുണ്ട്.
പണവും സ്വർണവും നഷ്ടമായവർ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ടി വി പുരത്ത് യോഗം ചേർന്നു.നിക്ഷേപകരെ പറ്റിച്ച് കോടികളുമായി മുങ്ങിയ ഫൈനാൻസ് ഉടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ടി.വി പുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പളളിപ്രത്തുശേരി സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി.
സഹദേവന്റെ പളളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക, കബളിപ്പിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്ത തൈമുറി അശോകന്റെ മരണത്തിന് ഉത്തരവാദിയായ ഫൈനാൻസ് ഉടമ സഹദേവനെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഐവൈഎഫ് പള്ളിപ്പുറത്തുശേരി ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തിയത്.
ബാങ്കിനു മുന്നിൽ നടന്ന സമര പരിപാടി സിപിഐ ജില്ലാ കൗണ്‍സിൽ അംഗം അംഗം പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ പ്രസിഡന്റ് അമൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.