നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്.
ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളില്‍, ശരീരോഷ്മാവ് നിശ്ചിത അളവില്‍ ക്രമീകരിക്കുന്നത് അവരുടെ ദീര്‍ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.
ഇതിനു കൃത്യമായി ചൂട് നല്കുന്ന ഇൻക്യുബേറ്റർ (Incubator )പോലെയുള്ള ഉപകരണങ്ങള്‍ വളരെ നാളായി പ്രചാരത്തിലുണ്ട്.
പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്‍ക്ക് പ്രചാരം ഏറിവരുന്നു.
തുടക്കം കൊളംബിയയിൽ
1970 കളില്‍ ‘കൊളംബിയ’യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്‍ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്.
ക്രമേണ ഇതിന് പ്രചാരമേറി. 1996 ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്്ട്ര ശില്‍പ്പശാലയില്‍ കംഗാരു മദർ കെയർ (Kangaroo Mother Care) എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെട്ടു.
എന്താണ് കംഗാരു മദർ കെയർ?
അമ്മ കംഗാരു തന്റെ ശരീരോഷ്മാവ് കുഞ്ഞിന് അതേപടി പകര്‍ന്നു നല്കി, ഊര്‍ജനഷ്ടം കുറയ്ക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്ന അതേ രീതിയാണ് മനുഷ്യക്കുഞ്ഞുങ്ങളിലും പ്രയോഗിക്കുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
കംഗാരു മദർ കെയർ -പ്രധാന ഘടകങ്ങൾ
1) കുഞ്ഞിന്റെയും പരിചരിക്കുന്ന ആളുടേയും ത്വക്കുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥ.
(Skin to Skin Contact)
2) കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്കല്.
( Exclusive Breast Feeding)
3) വീട്ടിലും കംഗാരു മദർ കെയർ തുടരുന്നതിനുള്ള
മാനസിക തയാറെടുപ്പ്.(Psychological Support for the Family Members)
കംഗാരു മദർ കെയർ ആര്‍ക്കെല്ലാം ?
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ 2.5 കിലോഗ്രാമിൽ(2500 gm) യില്‍ കുറവ് ഭാരമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്. സങ്കീര്‍ണ ചികിത്സകള്‍ ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കും അതീവ ശ്രദ്ധ നല്കി കംഗാരു മദർ കെയർ നല്കാന് കഴിയും.
എപ്പോൾ മുതൽ?
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും തൂക്കവും അനുസരിച്ച് ജനിച്ച ദിവസം മുതലോ, അതിനടുത്ത ദിവസങ്ങളിലോ കംഗാരു മദർ കെയർ തുടങ്ങാവുന്നതാണ്. (തുടരും)