മൂന്നാർ: നാട്ടുകാർ പടയപ്പ എന്നു പേരിട്ടിരിക്കുന്ന കാട്ടാനയുടെ വികൃതിയിൽ ബസ് യാത്രക്കാർക്കു ശ്വാസം മുട്ടി.
തേയിലക്കൊളുന്തുമായി വന്ന ട്രാക്ടർ തേയിലക്കാട്ടിൽനിന്നും തള്ളിയിട്ട് പരിഭ്രാന്തി സൃഷ്ടിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും വികൃതിയുമായി പടയപ്പ കെ എസ്ആർടിസി ബസിന്റെ ചില്ലു തകർത്തു.
മൂന്നാർ – ഉടുമലപ്പേട്ട അന്തർസംസ്ഥാന പാതയിൽ മൂന്നാർ ഡിവൈഎസ്പി ഓഫീസിനു സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് പടയപ്പ ബസ് കുത്തിമറിക്കാൻ ശ്രമിച്ചത്.
മൂന്നാർ ഡിപ്പോയിൽനിന്നും ഉടുമലപ്പേട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ മുന്നിലെത്തിയ കാട്ടുകൊന്പൻ ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർക്കുകയായിരുന്നു.
നിർത്തിയ ബസിന്റെ മുൻഭാഗത്ത് എത്തിയ ആന തുന്പിക്കൈകൊണ്ട് ബസിന്റെ ചില്ലിൽ അമർത്തുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.
ക്രൗര്യം തീർത്തശേഷം ആന അല്പം ഒഴിഞ്ഞുനിന്ന തക്കംനോക്കി ബസ് വെട്ടിച്ചു മുന്നോട്ടെടുത്തു രക്ഷപ്പെടുകയായിരുന്നു.
ബസ് രക്ഷപ്പെട്ടു പോയെങ്കിലും പിന്നാലെ വന്ന മറ്റു വാഹനങ്ങളും തടഞ്ഞ് ആന ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ആന കാട്ടിലേക്ക് മടങ്ങിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.
രണ്ടാഴ്ച മുന്പ് തേനിയിൽനിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന കെ എസ്ആർടിസി ബസും കാട്ടാന ആക്രമിച്ചിരുന്നു. അന്നും ബസിന്റെ മുൻവശത്തെ ചില്ല് തകർത്തായിരുന്നു ആക്രമണം.
എസ്റ്റേറ്റു പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യമൂലം ഭയന്നുകഴിയുന്ന തൊഴിലാളികൾ നിരന്തരം വനംവകുപ്പുമായി ബന്ധപ്പെട്ട് വന്യമൃഗങ്ങളിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ടു വരുന്നതിനിടയിലാണ് മൂന്നാർ ടൗണിനോടു ചേർന്നുള്ള പ്രദേശത്ത് കാട്ടാന നിരന്തരം ഭീഷണി ഉയർത്തുന്നത്.
ഇതുവരെ പടയപ്പ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും വാഹനങ്ങൾക്കുനേരെ ഉയർത്തുന്ന പരാക്രമം ഭീഷണി സൃഷ്ടിക്കുന്നുണ്ട്.