കടുത്തുരുത്തി: ജനിച്ചനാള്‍മുതല്‍ താമസിച്ചുവന്ന വീട് റെയില്‍വേയും പോലീസും ചേര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇടിച്ചുനിരത്തുന്നതുകണ്ട് കണ്ണീരൊഴുക്കുകയാണ് രണ്ടു കുടുംബങ്ങൾ.
ഭൂമിയുടെ ആധാരം കൈയിലുണ്ട്. കരം കെട്ടിക്കൊണ്ടിരുന്ന ഭൂമിയുമാണ്. എന്നാല്‍ ഭൂമി ഇപ്പോള്‍ റെയില്‍വേയുടേതായി മാറി.
തന്റെ വീടും എട്ടര സെന്റ് ഭൂമിയും അന്യാധീനപ്പെട്ടു പോകുന്നതു നിസഹായനായി നോക്കിനില്‍ക്കാനേ മാഞ്ഞൂര്‍ ഇരവിമംഗലം തടത്തില്‍ സുരേന്ദ്രന് (43) കഴിയുന്നുള്ളൂ.
സുരേന്ദ്രന് 35 വര്‍ഷക്കാലമായി താമസിച്ചിരുന്ന വീടാണ് റീസര്വേയനുസരിച്ചു റവന്യൂ പുറമ്പോക്ക് ഭൂമിയായി റെയില്‍വേക്ക് അവകാശപ്പെട്ടതായി മാറുന്നത്.
സുരേന്ദ്രനൊപ്പം സമീപവാസിയായ വേലംപറമ്പില്‍ ലിസമ്മയുടെ വീടും ഇടിച്ചു നിരത്തി. തന്റെ പിതാവ് 1958ല്‍ സെന്റിന് 50 രൂപ വീതവും അധിക വിലയും ചേര്‍ത്ത് 450 രൂപയ്ക്കു അമ്മയുടെ പേരില്‍ ആധാരം ചെയ്തുവാങ്ങിയ ഭൂമിയാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നതെന്നു സുരേന്ദ്രന് പറയുന്നു.
മറ്റ് മൂന്നു സഹോദരങ്ങളുടെ അവകാശം കൂടിയായ ഭൂമി അവര്‍ക്കുള്ള അവകാശവിഹിതം നല്‍കിയാണ് സുരേന്ദ്രന് സ്വന്തമാക്കിയത്.
പിന്നീട് 2006ല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഈ വസ്തു എസ്ബിടി ബാങ്കില്‍ പണയപ്പെടുത്തി വായ്പയും എടുത്തിരുന്നതായി സുരേന്ദ്രന് പറയുന്നു.
2007ലെ റീസര്‍വേയില്‍ വന്ന സാങ്കേതിക പിഴവുമൂലം വില്ലേജ് അധികൃതര്‍ കരം അടയ്ക്കാന്‍ അനുവദിച്ചില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
തങ്ങള്‍ക്ക് ഭൂമി ആധാരം ചെയ്തു നല്കിയ ആള് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു. ഇദ്ദേഹത്തിന്റെ പിന്തുടര്ച്ചാവകാശികള്ക്ക് റെയില്‍വേ ട്രാക്കിന് ഇരുകരകളിലും ഇന്നും ഭൂമിയുണ്ട്.
മരംവെട്ട് തൊഴിലാളിയായ സുരേന്ദ്രന് അധ്വാനിച്ചുണ്ടാക്കിയ പണമത്രയും വീടിനും പറമ്പിനുമായി ചെലവാക്കിയിരുന്നു.
സ്വന്തം വീട് നഷ്ടപ്പെട്ടതോടെ വാടകവീട്ടിലേക്ക് പോകേണ്ട ഗതികേടിലാണ് സുരേന്ദ്രൻ. ഇതിനെതിരേ നിയമ പോരാട്ടം നടത്താന്‍ സാമ്പത്തികശേഷിയോ ഇതിനുള്ള അറിവോ ഇദ്ദേഹത്തിനില്ല.
സഹായിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അതിനു കഴിയാത്ത സ്ഥിതിയാണ്.
റവന്യു രേഖകളില്‍ തെറ്റായ വിവരം നല്‍കിയാണ് സുരേന്ദ്രനും കുടുംബവും കരം അടച്ചിരുന്നതെന്ന നിലപാടാണ് വില്ലേജ് ഓഫീസര്‍ക്കും താലൂക്ക് സര്വേയര്ക്കുമുള്ളത്.
വേലംപറമ്പില്‍ ലിസമ്മ ഹൈക്കോടതിയില്‍ നല്കിയ കേസ് പരാജയപ്പെട്ടിരുന്നു. അതോടെ ലിസമ്മ വാടകവീട്ടിലേക്കു മാറി.
ആധാരവും ആധികാരിക രേഖകളുമുള്ള സുരേന്ദ്രന് കോടതിയെ സമീപിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എട്ട് ദിവസത്തെ നോട്ടീസ് നല്കി സുരേന്ദ്രനോട് വീട് ഒഴിയാന്‍ റെയില്‍വേ നിര്‍ദേശിച്ചിരുന്നു.
നിസഹായനായ സുരേന്ദ്രന് തോമസ് ചാഴികാടന് എംപി മുഖേന നാല് ദിവസത്തെ കൂടി സാവകാശം നേടി ഭാര്യ സതിയും മകള്‍ ആര്യനന്ദയുമായി വീട് ഒഴിയുകയായിരുന്നു.
വന്‍ പോലീസ് സന്നാഹത്തോടെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഉദ്യോഗസ്ഥരും റെയില്‍വേ ജീവനക്കാരും കുടിയൊഴിപ്പിക്കല്‍ നടപടിക്കായി എത്തിയത്.