ആവശ്യക്കാരന് ഔചിത്യമില്ലെന്നു പറയുന്നത് എത്ര ശരി. ലണ്ടനില്‍ നിന്നുള്ള ഈ വാര്‍ത്ത അത്തരത്തിലൊന്നാണ്. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ സൈറ്റായ ഇബേയില്‍ ഒരു പരസ്യം വന്നു. സാമന്ത റാഗ് എന്നാണ് ഈ പരസ്യം നല്കിയ യുവതിയുടെ പേര്. വയസ് 28. അവര്‍ വില്ക്കാന് വച്ചത് വിവാഹത്തിനണിഞ്ഞ വസ്ത്രങ്ങളായിരുന്നു. 2,000 പൗണ്ടാണ് വസ്ത്രങ്ങള്‍ക്ക് അവര്‍ നിശ്ചയിച്ച വില. എന്തിനാണ് ജീവിതത്തിലെ മികച്ച നിമിഷങ്ങളില്‍ അണിഞ്ഞ വസ്ത്രങ്ങള്‍ വില്ക്കുന്നതെന്ന ചോദ്യത്തിന് സാമന്തയുടെ മറുപടി ആരെയും ഞെട്ടിക്കും. ഭര്‍ത്താവുമായി ഡൈവേഴ്സ് കേസ് നടത്താനാണത്രേ വിവാഹവസ്ത്രങ്ങള്‍ വില്‍ക്കുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് സാമന്തയുടെ വിവാഹം നടക്കുന്നത്. ഭര്‍ത്താവിനു വേറൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിയുന്നത് പിന്നീടാണ്. അതോടെ സാമന്ത സ്വന്തം വീട്ടിലേക്കു തിരികെപോയി. വിവാഹവസ്ത്രങ്ങള്‍ വില്‍ക്കുന്നതോടെ മോശം ഓര്‍മകളെ പുറന്തള്ളാനും സാധിക്കുമെന്നാണ് സാമന്തയുടെ വാദം. എന്തായാലും ബ്രിട്ടീഷ് മാധ്യമങ്ങളില്‍ സാമന്തയുടെ വാര്‍ത്തയ്ക്കു വലിയ പ്രചാരമാണ് ലഭിച്ചത്.