പേരാമ്പ്ര : രണ്ടു ഗ്രാമത്തെ മുഴുവൻ കണ്ണീർ കയത്തിലാഴ്ത്തിയാണു കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജിലാൽ യാത്രയായത്.
പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 14-നാണ് പാലേരിയിലെ വി.പി.സുരേഷിന്റെ മകളും നൃത്താധ്യാപികയുമായ കനിഹയെ രജിലാൽ ജീവിത സഖിയാക്കിയത്.
സ്കൂൾ കാലത്ത് തുടങ്ങിയ പരിചയം വേർപിരിയാൻ കഴിയാത്ത പ്രണയമായി വളർന്നപ്പോൾ ഇരു വീട്ടുകാരും അവരുടെ ആഗ്രഹത്തിന് എതിരു നിന്നില്ല.
ഇരുവരുടേയും വീടിനു സമീപമുള്ള ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര പോയപ്പോഴാണ് മരണം വില്ലനായെത്തി രജിലാലിനെ തട്ടിയെടുത്തത്.
ജാനകി കാടിനു സമീപം കുറ്റ്യാടി പുഴയിൽ ചവറം മൂഴിയിൽ ഇറങ്ങിയപ്പോളാണ് കാൽ വഴുതി പുഴയിൽ പതിച്ചത്.
കനിഹയും പുഴയിൽ വീണെങ്കിലും അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പുഴയുടെ അപകട മേഖലയാണ് ഈ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു.
ഇതിന് മുമ്പും ഈ മേഖലയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയിൽ നിന്ന് ഒഴുകിയെത്തുന്ന മൂത്താട്ട് പുഴയുടെ സംഗമ സ്ഥലമായ ഇവിടെ ചുഴിയും അടിയൊഴുക്കുമുണ്ട്.
ഇത് പുറമെ നിന്നെത്തുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെടാറില്ല. ബംഗളൂരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രജിലാൽ നാട്ടിൽ ഉണ്ടാവുന്ന സമയത്ത് സാംസ്ക്കാരിക പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു.
ഒരു പാട് ആശിച്ച ദാമ്പത്യ ജീവിതം തുടങ്ങും മുമ്പെ തന്നെ വരനെ തട്ടിയെടുത്ത വിധിയുടെ ക്രൂരതയോർത്ത് കണ്ണീർ പൊഴിക്കുകയാണ് ഒരു നാട്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ പെട്ട പുഴ ഭാഗത്താണ് അപകടം നടന്നത്.
രക്ഷകരായത് മലപ്പുറം സ്വദേശികൾ
പേരാമ്പ്ര : മലപ്പുറം സ്വദേശികളായ റിയാസും ഖാദറും അഷ്റഫും അവസരോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ചവറം മൂഴി പുഴ തീരത്ത് രണ്ട് പേരുടെ മരണം സംഭവിക്കുമായിരുന്നു.
ദമ്പതികളായ രജിലാലും കനിഹയും പുഴയിൽ മുങ്ങി താഴുമ്പോൾ മലപ്പുറം കുറുങ്ങാട്ടിരി റിയാസ് (22) ടിപ്പർ ലോറി ഓടിച്ചു വരുകയായിരുന്നു.
പുഴയോരത്തു നിന്നുള്ള നിലവിളി കേട്ട റിയാസ് ലോറി നിർത്തി ഓടി പുഴയിൽ ചാടി കനിഹയെ രക്ഷപ്പെടുത്തി.
അപ്പോളേക്കും ഖാദറും അഷ്റഫും സഹായത്തിനെത്തി. കൂവപ്പൊയിൽ – ചവറം മൂഴി റോഡ് റോഡ് പ്രവൃത്തി നടത്തുന്ന തൊഴിലാളികളാണിവർ.