കൊച്ചി: കല്യാണം കഴിക്കില്ലെന്ന വസ്തുത മറച്ചുവച്ച് സ്ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ലൈംഗിക കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരത്തെ വ്യാജ വിവാഹവാഗ്ദാനം നല്കി സ്വാധീനിക്കുകയോ ചെയ്താലേ പ്രതിക്കെതിരെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്ന് ഹൈക്കോടതി.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇടുക്കി സ്വദേശി രാമചന്ദ്രനെതിരെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതേ വിട്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ഇരയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം പ്രതി മറ്റൊരു കല്യാണം കഴിച്ചുവെന്നതുകൊണ്ടു മാത്രം വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ രാമചന്ദ്രന് നല്കിയ അപ്പീല്‍് പരിഗണിച്ചാണ് തീരുമാനം.