സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് പ്രഫ. കെ. വി തോമസിനു ചെറിയാന് ഫിലിപ്പിന്റെ ഉപദേശം.
പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎമ്മെന്നും ചെറിയാന് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റില്‍ പറയുന്നു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുക്കുമോയെന്ന ആകാംക്ഷയ്ക്കിടെയാണ് ചെറിയാന് ഉപദേശവുമായി രംഗത്തുവന്നത്.
യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നതാണ്. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്.
ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല.
കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.