സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ധന വില വർധനയെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസിയിൽ സ്ഥിതി രൂക്ഷം. ജീവനക്കാരുടെ ഈ മാസത്തെ ശന്പള വിതരണം മുടങ്ങി.
പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള നീക്കങ്ങൾ തുടരുന്നതിനിടെയാണ് സ്ഥിതി ഗുരുതരമായ രീതിയിലേക്കു കടന്നിരിക്കുന്നത്.
അതേസമയം, ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരേ ഇടത് യൂണിയനുകൾ രംഗത്തെത്തി. ജീവനക്കാർക്കു കൃത്യമായി ശന്പളം നൽകാൻ കഴിയുന്നില്ലെന്നും അതിനാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നുമുള്ള മന്ത്രിയുടെ പ്രതികരണത്തിനെതിരേയാണ് യൂണിയനുകൾ രംഗത്തെത്തിയത്.
ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തി കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിനു 21 രൂപയാണ് എണ്ണക്കന്പനികൾ വർധിപ്പിച്ചത്.
ലിറ്ററിനു 100 രൂപയ്ക്ക് മുകളിലെത്തിയതോടെ പൊതുവിപണിയിൽ നിന്നു വാങ്ങുന്നതും പ്രായോഗികമല്ലാതായി. ഇന്ധന വില വർധന മൂലം പ്രതിമാസം 20 കോടിയുംപ്രതിവര്ഷം 500 കോടിയുടെ അധിക ബാധ്യതയും നേരിടേണ്ടി വരുന്നതെന്നാണ് അധികൃതർ പറയുന്നത്.
അതിനാൽ എല്ലാമാസവും കൃത്യമായി ശമ്പളം നല്‍കാനാകില്ല. ശമ്പള പരിഷ്കരണത്തിന് ഈ സമയത്ത് മാനേജ്മെന്റിനു കഴിയണമെന്നില്ല.
പ്രതിസന്ധി ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ജീവനക്കാരെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ ഇനി ഒന്നും ചെയ്യണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
രണ്ടു ലക്ഷം കോടിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കെഎസ്ആര്‍ടിസിയെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.