ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ നിന്നു തെറ്റായ കരൾവീക്ക പരിശോധന ഫലം നല്കിയ സംഭവത്തിൽ ബന്ധുക്കൾ അധികൃതർക്കു പരാതി നല്കും.
തലയോലപ്പറന്പ് സ്വദേശിനിയായ ഇരുപത്തേഴുകാരിക്കാണ് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ നിന്നും കരൾവീക്ക പരിശോധനാഫലം തെറ്റായി ലഭിച്ചത്.
പരിശോധനാ ഫലം ലഭിച്ച ഡോക്്ടർ മറ്റു രണ്ടു ലാബുകളിൽ പരിശോധന നടത്താൻ നിർദേശിച്ചു. ഇവിടെനിന്നു ലഭിച്ച പരിശോധനാ ഫലവും മെഡിക്കൽകോളജ് ലാബിലെ ഫലവും രണ്ടു തരത്തിലാണ്.
കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് തലയോലപ്പറന്പ് സ്വദേശിനി ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്തി ഡോക്ടറെ കണ്ടു. ഡോക്ടർ കരൾവീക്ക പരിശോധനയായ എസ്ജിഒടി നടത്താൻ നിർദേശിച്ചു.
തുടർന്ന് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ സാന്പിൾ പരിശോധനയ്ക്ക് നൽകി. പിന്നീട് എസ്ജിഒടി പരിശോധനാ ഫലം 2053 എന്ന് ലഭിക്കുകയും ഇതു ഡോക്ടറെ കാണിക്കുകയും ചെയ്തു.
ഫലം കണ്ട ഡോക്ടർ ആശയക്കുഴപ്പത്തിലായി. ഫലം വച്ച് നോക്കിയാൽ രോഗി അതീവ ഗുരുതരാവസ്ഥയിലായിരിക്കുമല്ലോയെന്ന് കരുതുന്പോഴാണ് രോഗി ഡോക്്ടറുടെ സമീപത്തുതന്നെ നിൽക്കുന്നത്.
തുടർന്ന് ഈ പരിശോധന ഒന്നുകൂടി മറ്റൊരു ലാബിൽ നടത്താൻ ഡോക്്ടർ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന അർധ സർക്കാർ സ്ഥാപനത്തിലെ ലാബിൽ പരിശോധനയ്ക്ക് നൽകി.
അവിടെനിന്നു കിട്ടിയ എസ്ജിഒടി ഫലം വെറും 23. എന്നാൽ ഒന്നുകൂടി പരിശോധന നടത്തിയാലോയെന്ന് ഡോക്ടർ തീരുമാനിച്ചു.
മറ്റൊരു സ്വകാര്യ ലാബിൽ നടത്തിയപ്പോൾ എസ്ജിഒടി ഫലം 18. ശരാശരി എസ്ജിഒടി 40 എന്നിരിക്കേ 2053 വന്നതെങ്ങനെയെന്നാണ് രോഗിയുടെ ബന്ധുക്കളുടെ സംശയം.
മെഡിക്കൽ കോളജ് ലാബിൽ മതിയായ യോഗ്യതയില്ലാത്തവരെ, താല്ക്കാലിക നിയമനം നടത്തി കുത്തിനിറയ്ക്കുന്നതാണ് ഇതിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
തുടർന്നാണ് തെറ്റായ പരിശോധന ഫലം നല്കിയ ജീവനക്കാർക്കെതിരേ ബന്ധപ്പെട്ടവർക്കു പരാതി നൽകാൻ തീരുമാനിച്ചത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും ലാബ് അധികൃതർ അറിയിച്ചു.