കംഗാരു മദർ കെയറിനായുള്ള ഒരുക്കം
– കംഗാരു മദർ കെയർ നല്‍കുന്നവരുടെ മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .
– മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഈ രീതിയെകുറിച്ച് പറഞ്ഞു കൊടുക്കുക.
– സംശയങ്ങള്‍ ദൂരീകരിച്ച് ആത്മവിശ്വാസം വളര്‍ത്തുക.
– കംഗാരു മദർ കെയർ നല്കിക്കൊണ്ടിരിക്കുന്ന മറ്റ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുമായി സംസാരിക്കാന്‍ സാഹചര്യം നല്‍കുക.
– മുന്‍ഭാഗം തുറക്കാവുന്ന അയഞ്ഞ വസ്ത്രമാണ് അമ്മമാര്‍ ധരിക്കേണ്ടത്.
– കുഞ്ഞിന് തുണിതൊപ്പി, കാലുറ, മുന്‍ഭാഗം തുറക്കുന്നകുഞ്ഞുടുപ്പ് എന്നിവ അണിയിക്കാം.
– അരയില്‍ കെട്ടാനുള്ള തുണിയും കരുതുക.
45 ഡിഗ്രി ചാരിയിരുന്ന്…
സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം.
* അമ്മയുടെ സ്തനങ്ങള്‍ക്കിടയിലായി കുഞ്ഞിനെ കമഴ്ത്തി കിടത്തുന്നു.
* തല ഒരു വശത്തേയ്ക്കും അല്പം മുകളിലേയ്ക്കും ചരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന്‍ സഹായിക്കും.
* കുഞ്ഞിന്റെ കാലുകള്‍ ‘W ‘ആകൃതിയില്‍ വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തേക്കുമാണെന്ന് ഉറപ്പുവരുത്തണം.
* കുഞ്ഞിന്റെ അരമുതല്‍ കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കാവുന്നതാണ്.
ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടാവുന്ന രീതിയിലെ വസ്ത്രം ധരിയ്ക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
എത്ര സമയം നല്‍കാം ?
ഏറ്റവും കുറഞ്ഞത് 1 മണിക്കൂര്‍ മുതല്‍ 2 മണിക്കൂര്‍ വരെയും തുടര്‍ച്ചയായി നല്കിയാല് മാത്രമേ കംഗാരു മദർ കെയർ ഫലപ്രദമാകൂ. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ വേണമെങ്കിലും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
അമ്മയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴോ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴോ (Twins, Triplets) അച്ഛനോ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ക്കോ കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
കംഗാരു മദർ കെയർ നല്കുമ്പോഴും അമ്മയ്ക്ക് ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് (ഉറങ്ങുക, നടക്കുക, ഭക്ഷണം കഴിക്കുക, വര്‍ത്തമാനം പറയുക) ഒരു തടസവുമില്ല.
കംഗാരു മദർ കെയറിന്റെ ഗുണങ്ങള്‍
– കുഞ്ഞിന്റെ ശരീരോഷ്മാവ് താഴ്ന്നു പോകാതെ തടയുന്നു.
– മുലപ്പാല്‍ നല്‍കുന്നത് അനായാസമാക്കുന്നു.
– ആശുപത്രിവാസം കുറയ്ക്കുന്നു.
– അണുബാധ, ശ്വസനത്തിലെ തകരാറുകള്‍ എന്നിവകുറയ്ക്കുന്നു.
– അമ്മയ്ക്കും കുഞ്ഞിനും മാനസിക സംഘര്ഷംകുറയ്ക്കുന്നു.
– അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം ബലപ്പെടുത്തുന്നു.
– കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച
ത്വരിതപ്പെടുത്തുന്നു.
നമ്മുടെ നാട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ ആശുപത്രികളിലും നവജാത ശിശു വിഭാഗങ്ങളില്‍ ഈ ചികിത്സാരീതി അവലംബിക്കുന്നുണ്ട്.
ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്കുന്നു. നവജാത ശിശുക്കളുടെ പരിചരണ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ചികിത്സാരീതിക്കു കഴിയും എന്നതില്‍ തര്‍ക്കമില്ല.
വിവരങ്ങൾ: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.