മാണ്ഡ്യ: ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധം നയിച്ചതിനു കർണാടക കോളജ് വിദ്യാർഥിനി മുസ്കാൻ ഖാനെ പ്രശംസിച്ചുകൊണ്ട് അൽ ക്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ വിഡിയോ പെൺകുട്ടിയുടെ കുടുംബത്തിനു പുലുവാലായി മാറി.
വിഡിയോ പുറത്തുവന്നു വിവാദമായതിനു പിന്നാലെ ഭീകരസംഘടനാ നേതാവിനെ തള്ളിപ്പറഞ്ഞുകൊണ്ട് പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് ഹുസൈൻ ഖാൻ രംഗത്തുവന്നു.
ഞങ്ങൾ ഇന്ത്യയിൽ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും ഭീകരസംഘടനാ നേതാവിന്റെ പ്രസ്താവനയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദയവായി കുടുംബത്തിന്റെ സമാധാനം കെടുത്തരുത്.
ഇത്തരം സംഘടനകളുമായി യാതൊരു ബന്ധവും ഞങ്ങൾക്ക് ഇല്ല. സത്യാവസ്ഥ കണ്ടെത്താൻ പോലീസിനും സംസ്ഥാന സർക്കാരിനും ഏത് അന്വേഷണവും നടത്താമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് ആ വിഡിയോയെപ്പറ്റി ഒന്നും അറിയില്ല. അയാൾ ആരാണെന്നു ഞങ്ങൾക്ക് അറിയില്ല, അയാളെ ആദ്യമായിട്ടാണ് കാണുന്നത്.
അയാൾ അറബിയിൽ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാം ഇവിടെ സ്നേഹത്തോടെയാണ് ജീവിക്കുന്നത്.
സഹോദരങ്ങളെപ്പോലെ വിശ്വസിക്കുക- സവാഹിരിയുടെ വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഹമ്മദ് ഹുസൈൻ ഖാൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുസ്കാനെ പുകഴ്ത്തിയ സവാഹിരിയെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു- ആളുകൾ അവർക്കാവശ്യമുള്ളതെന്തും പറയുന്നു.
അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നു. ഞങ്ങൾ നമ്മുടെ രാജ്യത്ത് സമാധാനത്തോടെയാണ് ജീവിക്കുന്നത്.
അയാൾ ഞങ്ങളെക്കുറിച്ചു സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം അയാളുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഇതു ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്.
ഇംഗ്ലീഷ് സബ്ടൈറ്റിലുകളുള്ള അറബി വീഡിയോ ക്ലിപ്പിൽ സവാഹിരി ഒരു കവിതയും വായിക്കുന്നുണ്ട്.
അത് “നമ്മുടെ മുജാഹിദ് സഹോദരിക്ക്” വേണ്ടിയും അവളുടെ “ധീരമായ നേട്ടത്തിന്” വേണ്ടിയും താൻ എഴുതിയതായി പറയുന്നു.
ഹിന്ദു ഇന്ത്യയുടെ യാഥാർഥ്യവും അതിന്റെ ജനാധിപത്യത്തിന്റെ വഞ്ചനയും തുറന്നുകാട്ടിയതിന് അല്ലാഹു അവൾക്കു പ്രതിഫലം നൽകട്ടെ – അൽ-ക്വയ്ദ മേധാവി വീഡിയോയിൽ പറഞ്ഞു.
മുസ്കാനും സവാഹിരിയുടെ വീഡിയോ കണ്ടെന്നു പിതാവ് ഖാൻ പറയുന്നു. അയാൾ പറഞ്ഞതെല്ലാം തെറ്റാണെന്നു അവളും പറഞ്ഞു.
അവൾ ഇപ്പോഴും ഒരു വിദ്യാർഥിനിയാണ്. അവൾക്കു പഠിക്കാൻ ആഗ്രഹമുണ്ട്- അദ്ദേഹം പറഞ്ഞു.
സവാഹിരിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഒരു വിഭാഗം ആളുകൾ ആവശ്യപ്പെട്ടതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത് നടക്കട്ടെ, അതിനു നിയമവും പോലീസും സർക്കാരും ഉണ്ടല്ലോയെന്നും ഖാൻ കൂട്ടിച്ചേർത്തു.
അതേസമയം, ഈ പ്രക്ഷോഭത്തിനു പിന്നിൽ “അദൃശ്യ കൈകളുടെ” പങ്കാളിത്തം തെളിയിക്കുന്നതാണ് പുറത്തുവന്ന വീഡിയോ എന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രതികരണം.
ഭ്യന്തര, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മാണ്ഡ്യയിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനി മുസ്കാൻ ഖാനെ, ഹിജാബുമായി കോളജിൽ പ്രവേശിച്ചതിന് ഒരു കൂട്ടം വിദ്യാർഥികൾ കൈയേറ്റത്തിനു ശ്രമിച്ചിരുന്നു.