നെടുങ്കണ്ടം: നിർത്തിയിട്ട വാഹനം കടത്തിക്കൊണ്ടുപോയ മനോരോഗിയെയും വാഹനവും നാട്ടുകാർ കണ്ടെത്തി.
ആറു മണിക്കൂറോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നെടുങ്കണ്ടം ടൗണിൽ നടന്ന അപ്രതീക്ഷിത സംഭവത്തിന് വിരാമമായത്.
നെടുങ്കണ്ടം കുരുശുപള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തിട്ടയിൽ സൂപ്പർമാർക്കറ്റ് ഉടമ ബാബുവിന്റെ മാരുതി ഒമ്നിയാണ് ചൊവ്വാഴ്ച വൈകുന്നേരം ആറോടെ കാണാതായത്.
സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ ഇറക്കി കടയിൽ എടുത്തുവച്ച് തിരികെ വന്നപ്പോൾ വാഹനം കാണാതാകുകയായിരുന്നു. വാഹനത്തിൽതന്നെ താക്കോൽ ഇട്ടിട്ടാണ് ബാബു വെളിയിൽ ഇറങ്ങിയത്.
ജോലിക്കാരാരും വാഹനം എടുത്തിട്ടില്ലെന്ന് മനസിലാക്കിയതോടെ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒമ്നി വാൻ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കുള്ള വഴി കടന്ന് പോയതായി വ്യക്തമായി.
തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രി 12ഓടെ വാഹനം ചെന്പകക്കുഴിയിലെ ഇടവഴിയിലേക്ക് കയറ്റിയിട്ട് വിശ്രമിക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു.
വണ്ടിയോടിക്കാനുള്ള ആഗ്രഹംകൊണ്ടാണ് താൻ വാഹനം എടുത്തതെന്ന് യുവാവ് പറഞ്ഞു. വാഹനത്തിൽ തന്നെ ഉണ്ടായിരുന്ന ചുവന്ന സെലോടേപ്പ് എടുത്ത് നന്പർ പ്ലെയിറ്റ് മറച്ചിരുന്നു.
നെടുങ്കണ്ടം ആശാരികണ്ടം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.
വീട്ടുകാരെത്തിയപ്പോഴാണ് യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി അറിഞ്ഞത്. ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നടത്താൻ പോലീസ് നിർദേശിച്ചു.
വാഹനം തിരികെ ലഭിച്ചതിനെത്തുടർന്ന് ഉടമ പരാതി പിൻവലിച്ചു.