ജിജി ലൂക്കോസ്
തിരുവനന്തപുരം: കുട്ടികളിൽ ടാറ്റൂ പതിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്.
ടാറ്റൂ പതിപ്പിക്കുന്നതിനു കൃത്യമായ മാർഗ നിർദേശങ്ങൾ കൊണ്ടുവരണമെന്നും ടാറ്റൂ ആർട്ടിസ്റ്റുകൾക്കും ടാറ്റൂ സ്റ്റുഡിയോകൾക്കും ലൈസൻസ് ഏർപ്പെടുത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരോടു കമ്മീഷൻ നിർദേശിച്ചു.
ബാലാവകാശ കമ്മീഷനു കീഴിൽ പ്രവർത്തിക്കുന്ന ബാല്യം പദ്ധതി നോഡൽ ഓഫീസർ അമൽ സജി നൽകിയ പരാതിയിലാണ് കമ്മീഷൻ അംഗം കെ. നസീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. പൊതു സ്ഥലങ്ങളിലിരുന്ന് ടാറ്റൂ ചെയ്യുന്നത് അനുവദിക്കരുത്, ടാറ്റൂ ചെയ്യുന്നത് സംബന്ധിച്ച പരസ്യങ്ങൾ തടയണം, കുട്ടികളിൽ ടാറ്റൂ ചെയ്യുന്നുണ്ടെങ്കിൽ അത് മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമായിരിക്കണം, ടാറ്റൂ ചെയ്യുന്നതിനായുള്ള ഉപകരണങ്ങൾ അണുനശീകരണ, സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം എന്നി നിർദേശങ്ങളും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഈ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കപ്പെടുന്നത് അടക്കം ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ലോക രാജ്യങ്ങളിൽ മിക്കയിടത്തും കുട്ടികളിൽ ടാറ്റൂ പതിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഉത്തരവിട്ടത്.
പരാതിയിന്മേൽ ആരോഗ്യ വകുപ്പ് ഡയറക്ടർ നൽകിയ സത്യവാങ്മൂലത്തിൽ, ടാറ്റൂ പതിപ്പിക്കുന്നത് എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങൾ പകരുന്നതിനു ഇടയാക്കുന്നുണ്ടെന്നു അറിയിച്ചിരുന്നു.
ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വേണ്ടവിധത്തിൽ അണുനശീകരണം നടത്താത്തതും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതുമാണ് കാരണം.
അതേസമയം, മാതാപിതാക്കൾക്കൊപ്പം ടാറ്റൂ ചെയ്യുന്ന കുട്ടികളുടെ കാര്യത്തിൽ നിർബന്ധ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട കാര്യമില്ലെന്നായിരുന്നു സംസ്ഥാന വനിത, ശിശുക്ഷേമ വകുപ്പ് ഡയറക്ടർ നിലപാട് അറിയിച്ചിരുന്നത്.