ഒന്നിച്ചുകിടന്ന് ഉറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്,   കടുത്ത നിയന്ത്രണം; 26 ദശലക്ഷം നിവാസികളോടും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് ചൈന


ബെയ്ജിംഗ് : കോവിഡ് പടർന്നുപിടിച്ച ഷാങ്ഹായിൽ കടുത്തതും വിചിത്രവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈനീസ് അധികൃതർ. ചൈനയിലെ നിലവിലെ കോവിഡ് സ്ഫോടനത്തിന്‍റെ ഹോട്ട്സ്പോട്ടാണ് ഷാങ്ഹായ്.

ദിവസേനയുള്ള അണുബാധയുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്. ഇതുമൂലം 26 ദശലക്ഷം നിവാസികളോടും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.

ജനങ്ങളെ നിരീക്ഷിക്കാൻ നഗരത്തിൽ ഡ്രോണുകൾ തലങ്ങും വിലങ്ങും പറക്കുകയാണ്. എല്ലാവർക്കും ആവശ്യമുള്ള സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം.

എന്നാൽ, സാധനങ്ങൾ ബാൽക്കണിയിൽ ലഭിക്കാത്തവർ പ്രതിഷേധിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്നതു പതിവായതോടെയാണ് നിരീക്ഷണത്തിനു ഡ്രോണുകളും എത്തിയത്. ഡ്രോൺ വഴി ജനങ്ങൾക്കുള്ള അറിയിപ്പുകളും കൊടുക്കുന്നുണ്ട്.

കർശന നിയന്ത്രണം പാലിക്കാനാണ് നിർദേശം. ജനലുകൾ തുറക്കുകയോ ബാൽക്കണിയിൽനിന്നു പാട്ടുപാടുകയോ ചെയ്യാൻ പാടില്ല. മെഗാഫോണിലൂടെ നഗരത്തിന്‍റെ തെരുവുകളിലും ഇതേ കാര്യങ്ങൾ ആരോഗ്യപ്രവർത്തകർ അറിയിക്കുന്നുണ്ട്.

ദന്പതികൾ ഒന്നിച്ചു കിടന്ന് ഉറങ്ങരുത്, ചുംബിക്കരുത്, ആലിംഗനം അനുവദനീയമല്ല, പ്രത്യേകം പ്രത്യേകം ഭക്ഷണം കഴിക്കണം തുടങ്ങിയ നിർദേശങ്ങളും ജനങ്ങൾക്കു നൽകുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽനിന്നാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. റോബോട്ടുകൾ ഷാങ്ഹായി തെരുവുകളിൽ പട്രോളിംഗ് നടത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഷാങ്ഹായിയിൽ ഭക്ഷണ സാധനങ്ങളുടെ മതിയായ കരുതൽ ശേഖരമുണ്ട്, എന്നാൽ, പകർച്ചവ്യാധി നിയന്ത്രണ നടപടി മൂലം വിതരണത്തിൽ ചില പ്രശ്നങ്ങളുണ്ടായി- ഷാങ്ഹായ് വൈസ് മേയർ ചെൻ ടോംഗ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചില മൊത്തവ്യാപാര മാർക്കറ്റുകളും ഭക്ഷണ സ്റ്റോറുകളും വീണ്ടും തുറക്കാൻ ശ്രമിക്കുമെന്നും ലോക്ക് ഡൗൺ ഏരിയകളിൽ കൂടുതൽ ഡെലിവറി ജീവനക്കാരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഡെലിവറി ഉദ്യോഗസ്ഥർ അല്ലെങ്കിൽ പ്രത്യേക അനുമതിയുള്ള ആളുകൾ എന്നിവരെ മാത്രം തെരുവുകളിൽ അനുവദിച്ചുകൊണ്ടാണ് ചൈനയിലെ സാന്പത്തിക കേന്ദ്രം കൂടിയായ ഷാഹ്ഹായി കോവിഡിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നത്.

Related posts

Leave a Comment