സ്വന്തം ലേഖകൻ
പാലക്കാട്: നാലുവർഷംമുന്പ് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ്, ഇപ്പോൾ ഒലവക്കോട് റഫീഖ് എന്ന 27കാരൻ.. ഇരുവരും മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടവർ.
ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന പ്രാകൃതമായ കാഴ്ചയ്ക്കാണ് ഈ നാലു വർഷത്തിനിടെ ഉണ്ടായ രണ്ടു സംഭവങ്ങൾ വിരൽചൂണ്ടുന്നത്.
പശുവിനെ മോഷ്ടിച്ചതിനും റൊട്ടി മോഷ്ടിച്ചതിനും ചെറുപ്പക്കാരെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന വാർത്ത ഉത്തരേന്ത്യയിൽനിന്ന് ധാരാളമായി കേൾക്കാറുണ്ടെങ്കിലും അതൊന്നും ഇവിടെ നടക്കില്ല എന്ന് അഹങ്കരിച്ചിരുന്ന കേരളത്തിനുള്ള തിരിച്ചടിയാണ് ഈ രണ്ടു സംഭവങ്ങളും.
മോഷണക്കുറ്റം ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന രണ്ടു സംഭവങ്ങളും പാലക്കാട് ജില്ലയിലാണ് ഉണ്ടായത് എന്നതും ഗൗരവമർഹിക്കുന്ന കാര്യമാണ്.
ഇന്ത്യയൊട്ടാകെ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും പരക്കെ അപലപിക്കപ്പെടുകയും ചെയ്ത സംഭവമാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഉൗരിലെ മധു എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത് .
മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് 27കാരനായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്.
പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു.
ഇയാളെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
ഇതോടെ സമൂഹത്തിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തു. വിശപ്പ് സഹിക്കവയ്യാതെ ഭക്ഷണം മോഷ്ടിച്ച മധുവിന്റെ ദൈന്യതയാർന്ന മുഖം ഇന്ന് കേരളത്തിന് ഉറക്കം കെടുത്തുന്നതാണ്.
മധുവും റഫീക്കും ആൾക്കൂട്ട മർദ്ദനത്തിന്റെ രക്തസാക്ഷികളാകുന്പോൾ കേരളം എങ്ങോട്ട് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.