ചോറ്റാനിക്കര: ആൽബം ഷൂട്ടിംഗിന്റെ പേരിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ ആചാരങ്ങൾക്ക് വിരുദ്ധമായി ഷൂട്ടിംഗ് നടത്തിയതായി പരാതി.
കഴിഞ്ഞ മാർച്ച് 17,18 തിയതികളിലാണ് ‘അമ്മേ നാരായണ’ എന്ന ആൽബം ചെയ്യുന്നതിന്റെ പേരിൽ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള തുലാഭാര തട്ടിൽ ദേവസ്വം അധികാരികളുടെ അനുമതിയില്ലാതെ കയറി ഇരിക്കുകയും ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായി ചോറ്റാനിക്കര അമ്മയെ അവഹേളിക്കുന്ന തരത്തിൽ ഷൂട്ടിംഗ് നടത്തുകയും ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്.
ഷൂട്ടിംഗിനായി (കെ.എസ്. യമുനാ എന്ന വ്യക്തി) ദേവസ്വം ബോർഡിൽ 10000 രൂപ അടച്ച് അനുമതി വാങ്ങിയിരുന്നെങ്കിലും ആചാരലംഘനമുണ്ടായതും ഷൂട്ടിംഗ് നടന്നതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ ക്ഷേത്രത്തിനു ചുറ്റും ഒട്ടേറെ സിസിടിവി കാമറകളും മറ്റുമുള്ളപ്പോൾ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം ഷൂട്ടിംഗ് നടത്താൻ കഴിയില്ലായെന്നാണ് ഭക്ത ജനങ്ങൾ ആരോപിക്കുന്നത്.
ഈ സംഭവം സമൂഹമാധ്യമങ്ങൾ വഴി പുറത്തെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പോലും അറിഞ്ഞതെന്നാണ് പറയപ്പെടുന്നത്.
ക്ഷേത്രത്തിലെ തുലാഭാര തട്ടിൽ കയറിയിരുന്ന് ആചാരവിരുദ്ധമായി ഷൂട്ടിംഗ് നടത്തിയതിനെതിരെ ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, അയ്യപ്പ സേവാസമാജം തുടങ്ങിയ സംഘടനകൾ ദേവസ്വം മാനേജർക്ക് പരാതി നൽകി.
കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് സംഘടനകൾ അറിയിച്ചിട്ടുള്ളത്.
കുറ്റക്കാർക്കെതിരെ നിയമ നടപടികളുമായി പോകുമെന്നും ദേവസ്വം ഭാരവാഹികളുമായി ആലോചിച്ചശേഷം പോലീസിൽ പരാതി നൽകുമെന്നും ദേവസ്വം മാനേജർ അറിയിച്ചു.