കോട്ടയം: സ്കൂട്ടറിൽ ഉടമസ്ഥനൊപ്പം പിൻസീറ്റിൽ യാത്ര ചെയ്യുന്ന നായക്കുട്ടി കൗതുക കാഴ്ചയാകുന്നു.കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഎസ്ഐ പുത്തനങ്ങാടി കൊച്ചുപറന്പിൽ കെ.എ. ശ്രീകുമാറും ഇദ്ദേഹത്തിന്റെ നായക്കുട്ടി അപ്പുവുമാണു താരങ്ങൾ. എവിടെ പോയാലും യജമാനനെ വിടാതെ പിന്തുടരും ഈ നായക്കുട്ടി.
ഇരുചക്ര വാഹനത്തിൽ പോലീസുകാരന്റെ പിന്നി ലിരുന്ന് കാഴ്ചകൾ കണ്ട് ആസ്വദിച്ച് യാത്ര ചെയ്യുന്ന നായക്കുട്ടിയെ ആദ്യം കണ്ടപ്പോൾ ഇതു പോലീസ് നായ ആയിരിക്കുമെന്ന് എല്ലാവരും സംശയിച്ചു.
പോലീസ് ശിക്ഷണം നൽകിയതിനാലാകാം ഇത്ര അനുസരണയെന്നും ഉറപ്പിച്ചു പറഞ്ഞു. തനിക്കൊപ്പമുള്ളത് തനി നാടൻ നായ തന്നെയെന്ന് ശ്രീകുമാർ പറയുന്നു. പക്ഷേ, ശ്രീകുമാർ അൽപം പോലീസ് മുറയിൽ ശിക്ഷണം നൽകിയിട്ടുണ്ട്.
അഞ്ചു മാസം മുന്പ് എആർ ക്യാന്പിൽനിന്നാണ് ശ്രീകുമാറിനു നായക്കുട്ടിയെ കിട്ടുന്നത്. വീട്ടിലെത്തിച്ചു നായക്കുട്ടിയെ പരിപാലിച്ചു.
ശ്രീകുമാറും ഭാര്യ ഷൈമോളും മക്കളായ ആഭ, സാഹിത്യ എന്നിവരുമായി നല്ലതുപോലെ ഇണങ്ങിയ പ്രിയപ്പെട്ട നായക്കുട്ടിക്ക് അപ്പു എന്നു പേരിടുകയും ചെയ്തു.
മക്കളെ സ്കൂളിൽ വിടാനായി പതിവായി സ്കൂട്ടറിൽ കയറ്റി പോകുന്ന കാഴ്ച കണ്ടാണ് അപ്പുവും സ്കൂട്ടറിൽ കയറാൻ തുടങ്ങിയത്.
സവാരി ഇഷ്ടമായതോടെ ഇപ്പോൾ ശ്രീകുമാർ എവിടെ പോകാനായി സ്കൂട്ടർ സ്റ്റാർട്ടാക്കിയാലും അപ്പുവും ചാടി കയറും. രണ്ടു കൈകളും ശ്രീകുമാറിന്റെ തോളിലൂടെ മുന്നോട്ടിട്ടു പിന്നിലിരുന്നാണ് അപ്പുവിന്റെ സവാരി.
ടൗണിൽ സാധനങ്ങൾ വാങ്ങാനും മകളെ സ്കൂളിലാക്കാനുമൊക്കെ പോകുന്പോൾ അപ്പുവും കൂടെയുണ്ടാകും. ഡ്യൂട്ടിക്കു പോകുന്പോൾ അപ്പുവിനെ കൂട്ടിലാക്കിയാണ് ശ്രീകുമാറിന്റെ യാത്ര.
ശ്രീകുമാറിനൊപ്പം സ്കൂട്ടറിലുള്ള അപ്പുവിന്റെ സവാരി ഇപ്പോൾ പുത്തനങ്ങാടിക്കാരുടെയും കോട്ടയം നഗരവാസികളുടെയും കൗതുക കാഴ്ചയാണ്.