മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത അജേഷിന്റെ വീടിന്റെ വായ്പാക്കുടിശിക മാത്യു കുഴൽനാടൻ എംഎൽഎ അടച്ചുതീർത്തു.
എംഎൽഎ നൽകിയ ചെക്ക് അജേഷിന്റെ ഭാര്യ മഞ്ജു ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തി കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്തംഗം നെജി ഷാനവാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
എംഎൽഎയുടെ പേരിലുള്ള 1,35,586 രൂപയുടെ ചെക്കാണ് കൈമാറിയത്. ബാങ്കിലെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേരത്തെതന്നെ കുടിശിക അടച്ചുതീർത്തതിനാൽ ചെക്ക് വാങ്ങാൻ സാധിക്കില്ലെന്നായിരുന്നു മാനേജരുടെ ആദ്യ മറുപടി.
പിന്നീട് അജേഷിന്റെ മറ്റൊരു അക്കൗണ്ടിൽ പണം സ്വീകരിക്കാമെന്നായി. എന്നാൽ അജേഷ് വായ്പ എടുത്ത അക്കൗണ്ടിൽ മാത്രമേ പണം അടയ്ക്കൂ എന്ന നിലപാടിൽ ഭാര്യ ഉറച്ചുനിന്നു.
നീണ്ട ചർച്ചകൾക്കുശേഷം മാനേജർ വഴങ്ങിയെങ്കിലും ചെക്കിനു പകരം പണം നൽകണമെന്നായി. എംഎൽഎയുടെ പേരിലുള്ള ചെക്ക് ഒഴിവാക്കാനായിരുന്നു ഇത്.
തുക ചെക്കായേ നൽകൂവെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ഒടുവിൽ ബാങ്ക് മാനേജർ സിന്ധു ചെക്ക് കൈപ്പറ്റുകയായിരുന്നു.
പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു.
സഹകരണ മന്ത്രി ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദേശിച്ചതിന് പിന്നാലെ ബാങ്ക് സിഇഒ ജോസ് കെ. പീറ്റർ രാജിവച്ചിരുന്നു.