കോട്ടയം: മണര്‍കാട്ട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. മണര്‍കാട് മാലം ചിറയില്‍ അര്‍ച്ചന രാജ്(24)ആണ് മരിച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് അര്‍ച്ചനയെ ഭര്‍ത്താവ് ബിനു ഉപദ്രവിച്ചിരുന്നുവെന്നും മകളുടെ മരണം കൊലപാതകമാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മകളെ, ബിനു മാനസികസമ്മര്ദത്തിലാക്കിയിരുന്നുവെന്നും മര്‍ദിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. മകളെ കൊന്നതാണെന്ന് സംശയിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
മണർകാട് സ്വദേശി ബിനുവുമായി രണ്ടര വർഷം മുൻപാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയുടെ വിവാഹം നടന്നത്. സ്ത്രീധനമായി പണമൊന്നും വേണ്ടെന്നും മകളെ മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞായിരുന്നു വിവാഹം നടത്തിയത്.
എന്നാൽ വിവാഹം കഴിഞ്ഞതോടെ പണം ആവശ്യപ്പെട്ടു തുടങ്ങി. തങ്ങളുടെ മുന്നില്‍ വച്ചും മകളെ മര്‍ദിച്ചിട്ടുണ്ട്. ഫോൺ വിളിക്കുമ്പോൾ മർദിക്കുന്നതിന്റെയും കരയുന്നതിന്റെയും ശബ്ദം കേട്ടിട്ടുണ്ട്.
അര്‍ച്ചനയെ ഉപദ്രവിക്കുമെന്ന് തങ്ങളോട് തന്റേടത്തോടെ മരുമകന് പറഞ്ഞിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. എല്ലാ ദിവസവും തനിക്ക് മർദനമേൽക്കാറുണ്ടെന്ന് അർച്ചന പറഞ്ഞിരുന്നുവെന്ന് സഹോദരിമാരും വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയോടെയാണ് അർച്ചന മരിച്ചത്. ഏറെ നേരമായി കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ആന്വേഷിച്ചപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിനില്ക്കുന്നത് കണ്ടത്. വീട്ടുകാരും അയല്‍വാസികളുംചേര്‍ന്ന് മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മണര്‍കാട് പോലീസ് കേസെടുത്തു. കിടങ്ങൂര്‍ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ് അർച്ചന. മകള്‍: ഹൃതിക. സഹോദരിമാര്‍: അഞ്ജു, അക്ഷയ.