വൈപ്പിൻ: മുനന്പത്തുനിന്നു കവർച്ചാ സംഘം കടത്തിക്കൊണ്ടുപോയ മോട്ടോർസൈക്കിൾ മലപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
എന്നാൽ മോഷ്ടാക്കളെകുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് അറിവ്. കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് മോട്ടോർ സൈക്കിൾ കണ്ടെത്തിയത്.
തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ധർ എത്തി ഇതിൽ പതിഞ്ഞിരുന്ന വിരലടയാളങ്ങൾ പകർത്തിയശേഷം ബൈക്ക് മുനന്പം പോലീസിനു കൈമാറി.
നേരത്തെ മോട്ടോർ സൈക്കിൾ മലപ്പുറത്ത് പോലീസിന്റെ സിസിടിവി കാമറയിൽ കണ്ടെത്തിയതിനെതുടർന്ന് മുനന്പം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഇതിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ തേഞ്ഞിപ്പാലത്ത് കണ്ടെത്തിയത്.കഴിഞ്ഞ മാസം 29നു പുലർച്ചെ മുനന്പം മേഖലയിൽ അഞ്ചു വീടുകളിൽ കയറിയ മോഷണ സംഘം മുനന്പം പാണ്ടികശാലക്കൽ മണിയുടെ വീടിനു മുന്നിൽ ഇരുന്നിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു.
മണിയുടെ മകന്റെ സുഹൃത്തായ മുനന്പം സ്വദേശി യേശുദാസന്റെതാണ് മോട്ടോർസൈക്കിൾ. പള്ളിപ്പുറം താണിപ്പിള്ളി സേവിയുടെ വീട്ടിൽ സ്കൂട്ടറും വീട് കുത്തിപ്പൊളിച്ച് ഐ ഫോണും കവർന്നെങ്കിലും മോഷ്ടാക്കൾ മുനന്പം വിടുന്നതിനു മുന്പ് തന്നെ സ്കൂട്ടറിന്റെ ഇന്ധനം തീർന്നു പോയതിനാൽ ഉപേക്ഷിച്ചു പോയി.
ഐ ഫോണും മുനന്പം കുറിഞ്ഞിപ്പറന്പിൽ ശശിയുടെ വീട്ടിൽനിന്ന് കവർന്ന 7000 രൂപയും മറ്റ് രണ്ട് ഫോണുകളും കുറെ മുക്കുപണ്ടങ്ങളും ഈ സ്കൂട്ടറിൽ ഉപേക്ഷിച്ച നിലയിൽ അന്ന് തന്നെ പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനുശേഷം പള്ളിപ്പുറത്തുനിന്നു അനാഥമായ മറ്റൊരു മോട്ടോർ സൈക്കിൾ പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ ഇത് കോഴിക്കോടുനിന്നു മോഷണം പോയതാണെന്ന് മനസിലാക്കിയ സാഹചര്യത്തിൽ മോഷ്ടാക്കൾ എത്തിയത് ഈ മോട്ടോർ ബൈക്കിലാണെന്നാണ് പോലീസ് കരുതുന്നത്. മു
നന്പം ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.