അനുമോൾ ജോയ്
സൈക്കോളജി പഠനം…ഇടയില്‍ ത്രില്ലര്‍ കഥയെഴുത്ത്…ചിത്രീകരണം പൂര്‍ത്തിയായ മൂരി എന്ന സിനിമ ഇപ്പോൾ മലയാളത്തിലും തമിഴിലും റിലീസ് ചെയ്തിരിക്കുകയാണ്. ആകെ മൊത്തം ഒരു സസ്പെന്‍സ് ത്രില്ലറാണ് 18 വയസുകാരിയായ യുവ സംവിധായക അനീറ്റ അഗസ്റ്റിന്റേത്.
കണ്ണൂർ കരുവഞ്ചാൽ കരുണാപുരം സ്വദേശിയാണ് അനീറ്റ അഗസ്റ്റിൻ. ‘മൂരി’എന്ന സസ്പെൻസ് ത്രില്ലർ സിനിമയുടെ സംവിധാനത്തിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്.
സിനിമാരംഗത്തെ അച്ഛൻ അഗസ്റ്റിൻ വർഗീസിന്റെ പ്രവർത്തനങ്ങളെ നോക്കികണ്ടാണ് മകൾ സംവിധാന രംഗത്ത് ആകൃഷ്ടയായത്.
കണ്ണൂർ ജില്ലയിൽ നാടകരംഗത്ത് നിറഞ്ഞു നിന്ന മുത്തച്ഛൻ പരേതനായ വർഗീസ് കാഞ്ഞിരപ്പള്ളിയുടെ കലാപാരമ്പര്യം കൈമുതലായി കിട്ടിയിട്ടുമുണ്ട് അനീറ്റക്ക്.
വർത്തമാനകാലത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾക്കും മാനസിക അധിക്ഷേപങ്ങൾക്കും എതിരെ സമൂഹമനസാക്ഷിയെ ഉണർത്തി കൗമാര മനസുകളെ ചേർത്തുനിർത്താൻ സമൂഹത്തിന് ഊർജ്ജം പകരുകയാണ് ” മൂരി ” യിലൂടെ ഈ യുവ സംവിധായിക.
സിനിമയിലേക്കുള്ള കടന്നുവരവ്
ചെറുപ്പം മുതൽ തന്നെ സിനിമയോട് താത്പര്യമുണ്ടായിരുന്നു. മുത്തച്ഛന്റെയും അച്ഛന്റെയും കലാപരമ്പര്യം കണ്ട് വളർന്നത് കൊണ്ട് തന്നെ സ്കൂൾ കാലഘട്ടങ്ങളിൽ അഭിനയത്തിൽ മികവ് പുലർത്തിയിരുന്നു.
പിന്നീടാണ്, സംവിധാനം എന്ന ആഗ്രഹം മനസിൽ കയറികൂടിയത്. ഇതിനിടയിൽ ആറ് ഷോട്ട് ഫിലിമുകളിൽ അഭിനയിച്ചു. ഒരു ഷോട്ട് ഫിലിം അസോസിയേറ്റ് ചെയ്യുകയും ചെയ്തു.
ഇതിൽ നിന്നാണ് സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം മനസിൽ കയറികൂടിയത്. പിന്നീട് വീട്ടിൽ ഇരുന്ന് സംസാരിക്കുമ്പോൾ തോന്നിയ ഒരു ആശയം സിനിമയിലേക്ക് എത്തുകയായിരുന്നു.
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്ന ഒന്നാണ് കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങൾ. ഇത് എന്തുകൊണ്ട് സിനിമയുടെ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിച്ചുകൂടെയെന്ന് ചിന്തിക്കുകയും ചെയ്തു.
പിന്നീട് പോക്സോ കേസുകളെക്കുറിച്ച് കൂടുതൽ പഠിക്കുകയും തിരക്കഥ എഴുതുകയുമായിരുന്നു. ഷോട്ട് ഫിലിം ചെയ്തിട്ടുണ്ടെങ്കിലും ഒരു സിനിമ എന്നത് ആദ്യമായിട്ടാണ്.
തിരിക്കഥ എഴുതാൻ അച്ഛൻ കട്ട സപ്പോർട്ടായി കൂടെയുണ്ടായിരുന്നു. ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആളുകൾ വേണ്ട രീതിയിൽ സിനിമയെ സ്വീകരിക്കും എന്നു തന്നെയാണ് പ്രതീക്ഷ.
അച്ഛന്റെ കട്ട സപ്പോർട്ട്
സാധാരണ കാണാറുള്ള പോലീസുകാരിൽ നിന്നും വ്യത്യസ്തനാണ് അഗസ്റ്റിൽ വർഗീസ് എന്ന പോലീസുകാരൻ. ചെറുപ്പം മുതൽ കലാരംഗത്ത് നിറഞ്ഞ് നിന്നത് കൊണ്ട് തന്നെ മകളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ കൂടെ നിന്നു.
ആറാട്ട്, ഹെലൻ, ഉണ്ട, കടുവ തുടങ്ങി ഏഴോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അഗസ്റ്റിൻ.മൂരി തിയേറ്ററിൽ എത്തുമ്പോൾ അതിലും ഒരു വേഷം ചെയ്തിട്ടുണ്ട് അഗസ്റ്റിൻ.
മകളുടെ സംവിധാനത്തിൽ അച്ഛൻ വേഷമിടുന്ന ചിത്രം എന്നതുകൂടിയുള്ള പ്രത്യേകത കൈവന്നിരിക്കുകയാണ്.
ചിത്രീകരണം ഹൈറേഞ്ചിൽ
ഇടുക്കി കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 32 ദിവസമായിരുന്നു ചിത്രീകരണം. കട്ടപ്പന, കാളിയാർ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ചിത്രീകരണം പൂർത്തികരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ചിത്രീകരണം ആരംഭിച്ചത്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം
മേക്കുന്നേൽ ഫിലിംസിന്റെ ബാനറിൽ വിൻസെന്റ് മേക്കുന്നേൽ നിർമണവും വിതരണവും നിർവഹിക്കുന്ന സസ്പെൻസ് ത്രില്ലർ സിനിമ മൂരി തിയറ്ററുകളിൽ എത്തികഴിഞ്ഞു. സിനിമയിൽ കൂടുതലും പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
പുതുമുഖങ്ങളായ ഫ്രീപോൾ മേക്കുന്നും, തപസ്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഉദയരാജ് (റീൽ തമിഴ് ഫിലിം ഫ്രെയിം) , സീമാ ജി. നായർ, സാംജി ,പോലീസ് ഓഫീസർമാരായ ഐ.വി.സോമരാജൻ (തൊണ്ടിമുതലും ദൃക്സാക്ഷിയും ഫ്രെയിം , അസിസ്റ്റന്റ് കമാണ്ടന്റ്) ,അഗസ്റ്റിൻ വർഗീസ് (സബ്ഇൻസ്പെക്ടർ എംഎസ്പി) , മധുസൂദനൻ, വിനീത , വെങ്കിട്ടറാം , റൂബി തോമസ്, ബേബി മഹിമ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കണ്ണൂർ ഏച്ചൂർ സ്വദേശിയായ ദീപാ ചന്ദ്രാത്താണ് ചിത്രത്തിൽ പാട്ടെഴുതിയത്. തൊടുപുഴ സ്വദേശി ജീവൻ സോമനാണ് ഈണം പകർന്നത്. അഭിജിത്ത് കൊല്ലം അന്ന ബേബി എന്നിവരാണ് ഗാനാലാപനം. മാഫിയ ശശിയാണ് മൂരി യുടെ സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത്.