പാലോട് : വിദേശരാജ്യങ്ങളിലും കപ്പലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ .
ആലപ്പുഴ കായകുളം കീരിക്കാട് ഐക്കണയിൽ ജെയിൻ വിശ്വംഭരനെയാണ് (28 ) മുംബൈയിൽ നിന്ന് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.
പാലോട് സ്വദേശിയായ യുവാവിന്റെ കൈയിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പല തവണകളായി മൂന്നു ലക്ഷത്തോളം രൂപയും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും വാങ്ങി.
തുടർന്ന് ട്രെയിനിംഗ് എന്ന പേരിൽ മുംബൈയിൽ കൊണ്ടുപോയി ഒരു വർഷത്തോളം താമസിപ്പിച്ചശേഷം തിരിച്ചു നാട്ടിലേക്കു മടക്കിവിട്ടു.
ഇതുമായി ബന്ധപ്പെട്ട് പാലോട് പോലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യാതൊരു അംഗീകാരവുമില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുളള നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി കണ്ടെത്തി.
തുടർന്ന് മുംബൈയിൽ നടത്തിയ അന്വേഷണത്തിലാണ് പാലോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ മുഖേന നിരവധി ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇവർ പലരുടെ കൈയിൽ നിന്നും പണം തട്ടിച്ചിരുന്നത്.
നവിമുംബൈ , ബേലാപ്പൂർ , പനവേൽ കേന്ദ്രീകരിച്ച് മലയാളികൾ ഉൾപ്പെട്ട ഒരു സംഘം ഈ റാക്കറ്റിന്റെ പിന്നിൽ പ്രവർത്തിക്കുന്നതായി പോലീസ് പറഞ്ഞു.
മുംബൈ കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്യാത്തതും നിലവിൽ ഇല്ലാത്തതുമായ സ്ഥാപനങ്ങളുടെ പേരിലാണ് ഇവർ ആളുകളെ വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത്.
ഇത്തരത്തിൽ 3.50 ലക്ഷം വാങ്ങി ഇറാനിലേക്ക് അയച്ച വയനാട് സ്വദേശിയെ മൂന്നു മാസത്തിനു ശേഷം എംബസിയും നോർക്കയും ഇടപ്പെട്ട് നാട്ടിലെത്തിച്ചു.
15000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ വാങ്ങിയ ശേഷം ജോലി ലഭിക്കാതെ തട്ടിപ്പിനിരയായ നിരവധി പരാതികൾ എല്ലാ ജില്ലകളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പാസ്പോർട്ടും രൂപയും തിരികെ ചോദിക്കുന്നവരെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.അറസ്റ്റു ചെയ്ത പ്രതിയെ മുംബൈ കോടതിയിൽ ഹാജരാക്കിയ ശേഷം നാട്ടിലെത്തിച്ച് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തും.
നെടുമങ്ങാട് ഡിവൈഎസ്പി എം . കെ. സുൾഫിക്കർ,പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ നിസാറുദീൻ, ജിഎസ്ഐ റഹിം, എഎസ്ഐ അനിൽകുമാർ , സിപിഒ വിനീത്, അരുൺ , ഷൈലാ ബീവി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.