പൊൻകുന്നം: എലിക്കുളം മല്ലികശേരിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.
എലിക്കുളം മല്ലികശേരി കണ്ണമുണ്ടയിൽ ബിനോയ് ജോസഫിനെ (48)യാണ് അറസ്റ്റ് ചെയ്തത്.ഭാര്യ സിനി (44)യെ കിടപ്പുമുറിയിൽ വച്ച് കറിക്കത്തികൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സിനിയെ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലാണിവർ.
രാത്രി 11.30നാണ് സംഭവം. പന്ത്രണ്ടിലും പത്തിലും പഠിക്കുന്ന രണ്ട് ആണ്മക്കൾ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ ഇവർ അയൽവാസികളെ വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, പൊൻകുന്നം പോലീസ് എസ്എച്ച്ഒ സജിൻ ലൂയിസ്, എസ്ഐ ടി.ജി. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിതന്നെ ബിനോയിയെ കസ്റ്റഡിയിലെടുത്തു.
പ്രതി സംശയരോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇതേപ്രശ്നത്തിൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. പ്രതിയെ പിന്നീട് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.