കോട്ടയം: രണ്ടു മാസത്തിനിടെ ഒരു ചാക്ക് കാലിത്തീറ്റയുടെ വിലയിൽ 200 രൂപ വർധിച്ചതോടെ ക്ഷീരകർഷകർ ദുരിതത്തിലായി.
മഴയെത്തുടർന്നു തീറ്റപ്പുല്ലിന്റെയും വെള്ളത്തിന്റെയും ക്ഷാമം മാറിയെങ്കിലും കാലിത്തീറ്റ വിലവർധന പ്രതിസന്ധിയാകുകയാണെന്നു കർഷകർ പറയുന്നു.
ചെറിയ തോതിലുള്ള പാൽവില വർധനയിൽപോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണു കർഷകർ പറയുന്നത്.സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന്റെ കാലിത്തീറ്റവില സമീപകാലത്തു വർധിപ്പിച്ചിട്ടില്ല.
എന്നാൽ, കർഷകർ കൂടുതലായി ഉപയോഗിക്കുന്ന സ്വകാര്യ കന്പനിയുടെ കാലിത്തീറ്റവില ക്രമാതീതമായി വർധിച്ചു.കേരള ഫീഡ്സിന്റെ 50 കിലോ ചാക്കിന് 1230 രൂപയാണു വിലയെങ്കിൽ സ്വകാര്യ കന്പനിയുടേതിനു 1400 -1450 രൂപയാണു വില. മറ്റു സ്വകാര്യ കന്പനികളും വില വർധിപ്പിച്ചിട്ടുണ്ട്.
മുന്പ് 55 രൂപയ്ക്കു ലഭിച്ചിരുന്ന കടലപ്പിണ്ണാക്കിന്റെ വില 70 രൂപയും ചോളത്തവിടിന്റെ വില 600 രൂപയിൽ നിന്ന് 830 രൂപയായും ഉയർന്നു.
20 രൂപയിൽ താഴെയായിരുന്ന ഗോതന്പ് തവിടിന്റെ വില 25 രൂപ വരെയെത്തിയതു സമീപകാലത്താണ്. ഭൂരിഭാഗം കർഷകരും ഇപ്പോൾ കന്പനികളുടെ കാലിത്തീറ്റ മാത്രമാണ് നൽകുന്നത്.
ചില ഫാമുടമകൾ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും അസംസ്കൃത വസ്തുക്കൾ വാങ്ങി കാലീത്തീറ്റയുണ്ടാക്കുന്നുണ്ടെങ്കിലും ചെറുകിട കർഷകർക്ക് ഇതു പ്രായോഗികമല്ല.
ഒന്നും രണ്ടും പശുവിനെ വളർത്തുന്നവർക്കു സമീപ പുരയിടങ്ങളിൽനിന്നു പുല്ലു ശേഖരിച്ചു പിടിച്ചു നിൽക്കാം. എന്നാൽ, ചെറുകിട ഫാമുകൾ നടത്തുന്നവർ തമിഴ്നാട്ടിൽനിന്നു ചോളവും തോട്ടങ്ങളിൽ നിന്നു കൈതപ്പോളയുമൊക്കെ വാങ്ങിയാണു മുന്നോട്ടു പോകുന്നത്.
മുന്പ് കൈതപ്പോള വെറുതെ കിട്ടിയിരുന്നുവെങ്കിൽ ഇപ്പോൾ പലയിടത്തും വില വാങ്ങിത്തുടങ്ങിയിട്ടുണ്ട്. വൈക്കോൽ വിലയും വർധിച്ചു.
പ്രതിസന്ധി മൂർഛിച്ചതോടെ കോവിഡ് കാലത്തു തുടങ്ങിയ ചെറുകിട ഫാമുകൾ പലതും പൂട്ടലിന്റെ വക്കിലാണ്. പ്രതിസന്ധി രൂക്ഷമായിട്ടും പാൽവില വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നു കർഷകർക്കു പരാതിയുണ്ട്.
നിലവിൽ സൊസൈറ്റികളിൽ വിൽക്കുന്ന കർഷകർക്കു പാലിനു ശരാശരി 35- 40 രൂപയാണ് ലഭിക്കുന്നത്. ചില്ലറ വിൽപ്പനവില 50 രൂപ വരെയെത്തിയിട്ടുണ്ട്.