തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകും. സംഭവവുമായി ബന്ധപ്പെട്ട് ഇതു വരെ ആറു പേരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര് പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ പെണ് വാണിഭ സംഘമെന്നാണ് സൂചന.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിവിധയിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ മറ്റു പ്രതികള്‍ക്ക് കൈമാറിയ ഇടനിലക്കാരന് കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51) ആണ് കേസിലെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
വസ്തുക്കച്ചവടത്തിന്റെ പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. ഇയാള്‍ക്കു പുറമെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പടി കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂര്‍ തങ്കച്ചന് (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെഎസ്ആര്‍ടിസിയ്ക്കു സമീപം മാളിയേക്കല്‍ ജോണ്സണ് (50) എന്നിവരെയാണ് കേസുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്.
നിർധനാവസ്ഥ മുതലെടുത്ത്
പിതാവ് ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയും രോഗിയായ മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്. വസ്തുബ്രോക്കറായ ബേബി ഇവരുടെ നിര്‍ധനാവസ്ഥ മുതലെടുത്ത് ജോലി വാങ്ങി നല്‍കാമെന്ന് പെണ്‍കുട്ടിക്ക് വാദ്ഗാനം നല്കി.
ഇതിനായി ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടിയെ തൊടുപുഴയിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ എത്തിച്ചും വാഹനങ്ങളില്‍ കയറ്റി ദൂരെ സ്ഥലങ്ങളില്‍ കൊണ്ടുപോയും മറ്റുള്ളവര്‍ ലൈംഗിക ചൂഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്. പ്രതികളില്‍ നിന്നും ബേബി വന്‍ തുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്.
അന്വേഷണത്തിൽ…
കഴിഞ്ഞ ദിവസം കുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.
ഇവിടെ ചീട്ടെടുക്കുന്നതിനായി 19 വയസെന്ന് പറഞ്ഞെങ്കിലും ജനന തീയതി പ്രകാരം 17 വയസാണുള്ളതെന്ന് ജിവനക്കാര്‍ക്ക് വ്യക്തമായി.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ലൈംഗിക ചൂഷണത്തിനിരയായതായും വ്യക്തമായി.
തുടര്‍ന്ന് ഇവര്‍ തൊടുപുഴ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി സി.ജി.ജിംപോള്‍, സിഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.