ലോകമെമ്പാടും ഏറെ ജനപ്രിയമായ ഒരു മീഡിയാപ്ലെയറാണ് വിഎല്‍സി. കംപ്യൂട്ടറുകളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം സ്ഥലം ആവശ്യമുള്ളതിനാലും ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റുകളെയും പിന്തുണയ്ക്കുന്നതുകൊണ്ടും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാണ് വിഎല്‍സി കൂടുതല്‍ സ്വീകാര്യമാകുന്നത്.
എന്നാല്‍ ഈ മീഡിയ പ്ലെയറിനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്.
വിഎല്‍സി പ്ലെയര്‍ ഉപയോഗിച്ച് മാല് വെയര്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് സിമാന്റെകിലെ സൈബര്‍ സുരക്ഷാ ഗവേഷകര്‍ പറയുന്നത്.
സികാഡ എന്നും എപിടി10 എന്നും വിളിക്കപ്പെടുന്ന ചൈനീസ് ഭരണകൂട പിന്തുണയുള്ള സംഘം വിന്‍ഡോസ് കംപ്യൂട്ടറുകലിലെ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിച്ച് നിരീക്ഷണ മാല്‍വെയറുകള്‍ പ്രചരിപ്പിക്കുകയാണ്.
ലോകത്തുടനീളമുള്ള രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നിയമ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍, ടെലികോം സ്ഥാപനങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ എന്‍ജിഒകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണം.
യുഎസ്, കാനഡ, ഹോങ്കോങ്, ഇസ്രയേല്‍, തുര്‍ക്കി, ഇന്ത്യ, മൊണ്ടിനെഗ്രോ, ഇറ്റലി, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ അതില്‍ ചിലതാണ്.
വിഎല്‍സിയുടെ യഥാര്‍ത്ഥ സോഫ്റ്റ് വെയറില്‍ തന്നെയാണ് ഹാക്കര്‍മാര്‍ മാല്‍വെയറിനെ കടത്തിവിട്ടിരിക്കുന്നത്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന കംപ്യൂട്ടറുകള്‍ വിന്വിഎന്സി (WinVNC) ഉപയോഗിച്ച് ദൂരെ നിന്നും നിയന്ത്രിക്കും.
2021 പകുതിയോടെയാണ് സികാഡയുടെ ആക്രമണം തുടങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇത് കണ്ടെത്തിയത്. ചാരവൃത്തി ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണമെന്ന് ഗവേഷകര്‍ പറഞ്ഞു.