സ്വന്തം ലേഖകൻ
തൃശൂർ: ഇത്തവണ വിഷുവിനു പോലീസുകാർ മാത്രമല്ല നാട്ടുകാരും “പൊട്ടി’ക്കും. പടക്കം പൊട്ടിച്ചുതന്നെ ആഘോഷം നടത്താനാണ് പോലീസുകാർ സഹായവുമായി എത്തിയിരിക്കുന്നത്. അതിനായി സ്വന്തമായി പടക്കക്കച്ചവടംതന്നെ ആരംഭിച്ചിരിക്കയാണ് പോലീസുകാർ.
തൃശൂർ പോലീസ് ക്ലബ്ബിനു സമീപമാണ് ഡിസ്ട്രിക്ട് പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈ റ്റിയുടെ നേതൃത്വത്തിൽ പടക്ക ക്കട തുടങ്ങിയിരിക്കുന്നത്.
കുറഞ്ഞ ചെലവിൽ നാട്ടുകാർക്കും പോലീസുകാർക്കുമൊക്കെ പടക്കം വാങ്ങാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നു സൊസൈറ്റി വൈസ് പ്രസിഡന്റും ക്രൈം ബ്രാഞ്ച് എസ്ഐയുമായ കെ.എസ്. ചന്ദ്രാനന്ദൻ പറഞ്ഞു.
വിഷുവിനു പോലീസുകാർതന്നെ പടക്കക്കച്ചവടം നടത്തുന്നതു കേരളത്തിൽ ആദ്യമായിരിക്കുമെന്നാണ് പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുകൂടിയായ ചന്ദ്രാനന്ദന്റെ അഭിപ്രായം.
ദീപാവലിക്കു ചിലയിടങ്ങളിൽ പോലീസുകാർ പടക്കക്കച്ചവടം നടത്തിയിരുന്നെങ്കിലും വിഷുവിന് ആരും ചെയ്തതായി അറിവിലില്ല.
വൻതിരക്കാണ് പോലീസുകാരുടെ പടക്കക്കടയിൽ. തിരക്ക് കൂടിയതിനാൽ പോലീസുകാരെ പിന്നിലാക്കി നാട്ടുകാർ മുന്നിൽ നിൽക്കാൻ തുടങ്ങിയതിനാൽ രണ്ടു കൗണ്ടറുകളും തുറന്നിട്ടുണ്ട്.
പോലീസുകാർക്ക് ഒരു കൗണ്ടറും നാട്ടുകാർക്കു മറ്റൊരു കൗണ്ടറും. രണ്ടു കൗണ്ടറുകളിലൂടെയും കിട്ടുന്ന പടക്കത്തിന് ഒരേ വിലതന്നെയാണ് വാങ്ങിക്കുന്നത്.
പടക്കം വിൽക്കാനുള്ള ലൈസൻസ് എടുത്തുതന്നെയാണ് പടക്കക്കച്ചവടം തുടങ്ങിയിരിക്കുന്നത്. പടക്കം മുതൽ പൂത്തിരി, കന്പിത്തിരി, മേശപ്പൂ തുടങ്ങി നാലുനിലയിൽ പൊട്ടുന്ന നിലയമിട്ടു വരെ ഇവിടെ ലഭിക്കും.
30 രൂപ മുതൽ 1400 രൂപ വരെയുള്ളവയുണ്ട്. 15 ലക്ഷം രൂപയുടെ പടക്കങ്ങളാണ് വില്പനയ്ക്കായി ഇവിടെ എത്തിച്ചിരിക്കുന്നത്. വിഷുവിന്റെ തലേന്നുവരെ ഇവിടെ കച്ചവടം ഉണ്ടാകും.
വിലക്കുറവായതിനാൽ വൻതിരക്കാണ് പലപ്പോഴും.പോലീസ് കമ്മീഷണർ ആർ. ആദിത്യ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ പി. രാജു, കെ.ഒ. വിൽസൻ, ബോ ർഡ് മെന്പർമാരായ എം.വി. അനിലൻ, പി.കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണു പടക്ക ക്കച്ചവടം നടക്കുന്നത്.