സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ എതാണ്ട് നീങ്ങി..വരാനിരിക്കുന്നത് ഉത്സവ നാളുകളും.
എന്നാല്‍ വാഹനങ്ങളില്‍ നിയമം ലംഘിച്ച് പറപറക്കാമെന്ന് കരുതേണ്ട… രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വിഷുകാലത്ത് പറപറക്കുന്നവരെ പൊക്കാന്‍ പോലീസും മേട്ടോര്‍ വാഹന വകുപ്പും തയാറെടുക്കുന്നു.
രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. വാഹനപരിശോധനയാണ് കൂടുതല്‍ ശക്തമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
രാത്രികാല പരിശോധന
നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം കാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വലിയ തുക മുടക്കിയാണ് കാമറകള്‍ സ്ഥപിച്ചിരിക്കുന്നത്.
ഇതിന് പുറമേ കൂടുതല്‍ വാഹനങ്ങള്‍ പരിശോധനയ്ക്കായി രാത്രികാലങ്ങളിലുണ്ടാകും. ‘ഓപ്പറേഷന് ഫോക്കസ്’ എന്ന പേരിലും രാത്രികാലങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയില്‍ മാത്രം 767 വാഹനങ്ങളാണ് കുടുങ്ങിയത്. ഈ കേസുകളില്‍ നിന്നായി 15,37300 രൂപ പിഴയായും ഈടാക്കി.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ മാസം നാലുമുതലാണ് പരിശോധന ആരംഭിച്ചത്.
അനധിക്യതമായി ലൈറ്റുകള്‍ ഘടിപ്പിക്കുക, വാഹനങ്ങളില്‍ തീവ്ര വെളിച്ചമുള്ള സെര്‍ച്ച് ലൈറ്റ് ഘടിപ്പിക്കുക,
ഡിം ബ്രൈറ്റ് ശരിയല്ലാത്ത രീതിയില്‍ ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് പ്രധാനമായും കേസെടുക്കുന്നത്.
അനധികൃത ലൈറ്റുകള്‍ ഇളക്കി മാറ്റാന്‍
ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയ്ക്കും പിഴ കിട്ടും.
കര്‍ശനമായ പരിശോധനകള്‍ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ രാത്രിയില്‍ ജോലിയ്ക്കായി വിന്യസിപ്പിച്ചിട്ടുണ്ട്.
അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച ഒരു കോണ്‍ട്രാക്ട് ഗാരേജ് വാഹനം ഗോവയില്‍ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കത്തിനശിച്ചിരുന്നു.
ഇതാണ് ഡിപ്പാര്‍ട്ട്മെന്റ് ഇങ്ങനെ ഒരു പ്രത്യേക പരിശോധന സംഘടിപ്പിക്കാനുള്ള കാരണമായി ഉത്തരവില്‍ പറയുന്നത്.
പരിശോധന ഈ മാസം 13 വരെ തുടരും. ക്രമക്കേടുകള്‍ കണ്ടെത്തിയ വാഹനങ്ങളില്‍ നിന്ന് അനധികൃത ലൈറ്റുകള്‍ ഇളക്കി മാറ്റാന്‍ ഉടമ തന്നെ പണം ചെലവഴിക്കണം.
ശേഷം രജിസ്റ്ററിംഗ് അഥോറിറ്റി മുമ്പാകെ ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷനടക്കം റദ്ദുചെയ്യും.