ഓടിക്കൊണ്ടിരിക്കുന്ന ലോക്കൽ ട്രെയിനിൽ കുതിരയ്ക്കെന്താ കാര്യം. ഒരു കാര്യവുമില്ല. മനുഷ്യൻമാർക്ക് യാത്ര ചെയ്യാൻ ലോക്കൽ ട്രെയിനുകളിൽ സ്ഥമില്ല.
പിന്നെയാണ് കുതിരയേയും കൊണ്ട് യാത്ര ചെയ്യുന്നത്. അടുത്തിടെ പശ്ചിമബംഗാളിൽ ഒരു സംഭവം നടന്നു.
നല്ല തിരക്കുള്ള ലോക്കൽ ട്രെയിനിൽ ഒരൊന്നൊന്നര കുതിരയുമായി ഒരാൾ കയറി. പേരേ പൂരം.
യാത്രക്കാരുടെ നല്ലൊരു സ്ഥലം ഈ കുതിര അങ്ങ് അപഹരിച്ച് രാജാവിനെപ്പോലെ യാത്ര ചെയ്യുകയാണ്. ഉടനെ ചില യാത്രക്കാർ കുതിരയെ ട്രെയിനിൽ കയറ്റിയതിനെ ചോദ്യം ചെയ്തു. ആകെ അലന്പായി.
വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ആരോ പോസ്റ്റ് ചെയ്തു. സംഭവം അങ്ങ് വൈറലായി. ഇതോടെ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉത്തരവിട്ടു.
തീർന്നില്ല. കുതിരയുടെ ഉടമയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലോക്കൽ ട്രെയിനുകളിൽ ചെറിയ മൃഗങ്ങളുമായി യാത്ര ചെയ്യുന്ന സംഭവങ്ങൾ സാധാര ണ കാണാറുണ്ട്.
പക്ഷേ, ഒരു വലിയ കുതിരയുടെ സാന്നിധ്യം എല്ലാവരെയും അന്പരപ്പിച്ചു. ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ബരുയിപുരിൽ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത ശേഷം ഉടമ കുതിരയുമായി മടങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്.
ട്രെയിനിൽ കുതിരയുടെ സാന്നിധ്യം ഒച്ചയും ബഹളവുമായപ്പോൾ ഉടമ പ്രതിഷേധം വകവയ്ക്കാതെ യാത്ര തുടരുകയായിരുന്നു.