കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തി ചോദ്യംചെയ്യും.
ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്.
നേരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കും വിധം പുറത്തുവന്ന ശബ്ദസന്ദേശങ്ങളില് വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യും.
രാവിലെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്കി. സുരാജിന്റെയുള്‍പ്പെടെയുള്ള ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.