തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാർച്ചിലെ പെൻഷനൊപ്പം ഏപ്രിലിലെ പെൻഷനും നൽകും. വിഷു പ്രമാണിച്ചാണ് ഒരുമാസത്തെ പെൻഷൻ മുൻകൂട്ടി നൽകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ക്ഷേമ പെൻഷൻ നൽകുന്നതിനായി 1,746 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രിൽ പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.
വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ളാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.