തിരുവനന്തപുരം/മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമുകൾ ഇന്നെത്തിത്തുടങ്ങും. ഗ്രൂപ്പ് എയിലുള്ള പഞ്ചാബാണ് ആദ്യം എത്തുന്ന ടീം. ഇന്നു പുലർച്ചെ രണ്ടിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന ടീമിനു മഞ്ചേരിയിലെ അവരുടെ താമസസ്ഥലത്ത് സ്വീകരണം നൽകും.
രാവിലെ 7.30 ന് കോഴിക്കോട് എയർപോർട്ടിലെത്തുന്ന മണിപ്പൂരിനു സംഘാടക സമിതി സ്വീകരണമൊരുക്കും. എയർപോർട്ടിലെ സ്വീകരണത്തിനു ശേഷം ടീമിന് ഒരുക്കിയ താമസസ്ഥലത്തേക്കു കൊണ്ടുപോകും. ആതിഥേയരായ കേരളാ ടീമും ഇന്നു മലപ്പുറത്തെത്തും.
കോഴിക്കോട്ട് പരിശീലനം നടത്തുന്ന കേരളത്തിന്റെ 20 അംഗ സംഘത്തെ ഇന്നു രാവിലെ പ്രഖ്യാപിക്കും. ടീം പ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലോടെ മഞ്ചേരിയിലെത്തും. മഞ്ചേരിയിലെ താമസസ്ഥലത്താണ് ആതിഥേയരായ കേരളത്തിനു സ്വീകരണം സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്.
അഞ്ചു ടീമുകളെ രണ്ടു ഗ്രൂപ്പായി തിരിച്ചാണു മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്. ഗ്രൂപ്പുഘട്ടത്തിൽ ഒരു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾസെമിഫൈനലിലെത്തും.
ടൂർണമെന്റിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ മൂന്നു മാസം മുന്പ് കായിക വകുപ്പിനു കീഴിലെ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഏറ്റെടുത്തിരുന്നു.
നവീകരണത്തിലൂടെ സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും മത്സരം നടത്താൻ അനുയോജ്യമാക്കി. രണ്ടു മൈതാനങ്ങളും നല്ല നിലവാരമുള്ളതാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
16നു രാത്രി എട്ടിന് രാജസ്ഥാനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. 18ന് കേരളം വെസ്റ്റ് ബംഗാളിനെ നേരിടും. 20ന് മേഘാലയ, 22ന് പഞ്ചാബ് എന്നീ ടീമുകളുമായും കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണു നടക്കുന്നത്.