തളിപ്പറമ്പ്: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 77കാരന് 21 വർഷം കഠിന തടവും 45,000 രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നൽകും.
അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ വി.കൃഷ്ണ(77)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2016ൽ ആണ് കേസിനാസ്പദമായ സംഭവം. വളപട്ടണം പോലിസ് സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരനെ പ്രതിയുടെ വീട്ടിൽ വെച്ച് പല തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 12 വയസിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും
പലതവണ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവും ചേർത്താണ് 21 വർഷം കഠിന തടവും 45,000 പിഴയും വിധിച്ചത്.
അന്നത്തെ വളപട്ടണം ഇൻസ്പെക്ടർ എം.കൃഷ്ണനാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.