ന്യൂഡൽഹി: ഡൽഹിയിൽ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകൾ രേഖപ്പെടുത്തി – ഇന്നലെ (202) മുതൽ ഏകദേശം 50 ശതമാനം വർധനയാണ് എണ്ണത്തിൽ കാണിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പകർച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയർന്നു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
മഹാമാരിയുടെ മൂന്നാം തരംഗത്തിൽ ഈ വർഷം ജനുവരി 13ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 28,867 എന്ന റിക്കാർഡിൽ എത്തിയിരുന്നു.
ജനുവരി 14ന് നഗരം 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. മൂന്നാം തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനമാണ് ഇതിനു കാരണമായി മാറിയത്.
കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതിനെത്തുടർന്ന് ഡൽഹി അടുത്തിടെ മാസ്ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ ഒഴിവാക്കിയിരുന്നു.
ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റി ഔദ്യോഗികമായി മാസ്കുകൾ നിർബന്ധമല്ലെന്നു പറഞ്ഞിട്ടില്ലെങ്കിലും 500 രൂപ പിഴ ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു.
ഇത് ഒരു സ്ഥിര തീരുമാനമല്ലെന്നും സാഹചര്യനുസരിച്ചു നിയമങ്ങൾ വീണ്ടും മാറ്റാമെന്നും ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണോളജി കൺസൾട്ടന്‍റ് ഡോ റിച്ച സരീൻ പറഞ്ഞു. ഇതുവരെ ഡൽഹിയിൽ 18,66,881 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.