തൃശൂർ: കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാൾ മരിച്ചു. കാൽനടയാത്രക്കാരനായ തമിഴ്നാട് സ്വദേശി പരമസ്വാമി ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
എറണാകുളത്തുനിന്ന് കോഴിക്കോടിന് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. യാത്രക്കാരനെ ഇടിച്ചശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു.
തിങ്കളാഴ്ച മുതൽ ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ കന്നിയാത്രയിൽ രണ്ട് അപകടമാണ് ഉണ്ടായത്.
മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് തിരുവനന്തപുരം കല്ലന്പലത്തിനു സമീപം അപകടത്തിൽപ്പെട്ടിരുന്നു.
ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിപ്പോയി. ഇതിനുപകരം കെഎസ്ആർടിസിയുടെ സൈഡ് മിറർ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു.
കോഴിക്കോട്-തിരുവനന്തപുരം സർവീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചും കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.
കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ കയറ്റത്തിൽ തടി ലോറിയെ മറികടക്കാൻ ശ്രമിക്കവെയും സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു.
മൂന്ന് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ-സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
അപകടം മനഃപൂർവമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.