ഐപിഎല്ലിലെ പുത്തന്‍ താരോദയമാണ് ഉമ്രാന് മാലിക്. 150 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പാഞ്ഞു വരുന്ന ഉമ്രാന്റെ പന്തുകള്‍ക്കു മുമ്പില്‍ ലോകോത്തര താരങ്ങള്‍ വരെ പതറുകയാണ്.
എന്നാല്‍ മകന്റെ പ്രശസ്തിയൊന്നും ബാധിക്കാതെ ജമ്മുവിലെ ഗുജ്ജു നഗറില്‍ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛന് അബ്ദുല്‍ റാഷിദ്.
പക്ഷേ, ഇപ്പോള്‍ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോള്‍ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത്.
സംഭവബഹുലമായ 5 വര്‍ഷങ്ങള്‍ക്കിടെയാണ് ഒന്നും ഇല്ലായ്മയില്‍ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരന് പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാന് വളര്‍ന്നത്.
മകന് സൂപ്പര്‍സ്റ്റാര്‍ ആയെങ്കിലും പണ്ടു മുതല്‍ കുടുംബത്തിനുള്ള വരുമാനം നല്‍കിയിരുന്ന പഴക്കച്ചവടം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നാണ് അച്ഛന് അബ്ദുല്‍ റാഷിദ് പറയുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഉമ്രാന്റെ കൈകളില്‍നിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം 153.3 കിലോമീറ്ററായിരുന്നു.
പിന്നീടുള്ള രണ്ടു പന്തുകള്‍ 151.2, 150.1 എന്നീ വേഗത്തിലും. കിവീസിന്റെ അതിവേഗക്കാരന് പേസര്‍ ലോക്കി ഫെര്‍ഗൂസനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകള്‍ ബോള്‍ ചെയ്തതും ഉമ്രാന്‍തന്നെ.
കടം വാങ്ങിയ ഷൂസുമായി ജമ്മു അണ്ടര്‍ 19 ടീം സിലക്ഷന്‍ ട്രയല്‍സിനു പോയ താരമാണ് ഉമ്രാന്.
പിന്നാലെ സംസ്ഥാന ടീമില്‍ ഇടം നേടിയെങ്കിലും വിനു മങ്കാദ് ട്രോഫിയില്‍ ഒരു കളിക്കുള്ള അവസരമേ ലഭിച്ചുള്ളു.
മത്സരത്തില്‍ വില്ലനായി മഴയും എത്തി. തൊട്ടടുത്ത വര്‍ഷം അണ്ടര്‍ 23 ടീം സിലക്ഷന്‍ ട്രയല്‍സിനു പോയെങ്കിലും ടീമില്‍ അവസരം ലഭിച്ചില്ല.
201920 രഞ്ജി സീസണില്‍ ജമ്മു കശ്മീര്‍ അസം മത്സരത്തിനു മുന്നോടിയായി അസം പരിശീലകന് അജയ് രാത്ര നെറ്റ്ബോളര്‍മാരെ തിരഞ്ഞപ്പോളാണ് ഉമ്രാന് ആദ്യമായി അവതരിക്കുന്നത്.
ജമ്മു കശ്മീരില്‍നിന്ന് ഐപിഎല്‍ കളിക്കുന്ന നാലാമത്തെ താരമാണ് ഉമ്രാന്. ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ഉമ്രാന്റെ പേരിലാണ്. നാലു കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഉമ്രാനെ നിലനിര്‍ത്തിയത്.