ഇപ്പോള്‍ 72 വയസുള്ള സ്ത്രീയെ കഴിഞ്ഞ പത്തുവര്‍ഷക്കാലം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ മക്കള്‍ക്കെതിരേ കേസ്. തഞ്ചാവൂരാണ് സംഭവം.
അമ്മയെ ഉപേക്ഷിച്ചതിനാണ് പോലീസ് ഇന്‍സ്പെക്ടര്‍ക്കും ഇളയ സഹോദരനുമെതിരെ നടപടി സ്വീകരിച്ചത്.
72 വയസ്സുള്ള ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസമാണ് വീട്ടില്‍ നിന്ന് രക്ഷിച്ചത്. സാമൂഹ്യക്ഷേമ വകുപ്പിന് അജ്ഞാതന്‍ നല്കിയ രഹസ്യവിവരമാണ് 72കാരിയുടെ മോചനത്തിന് വഴിത്തിരിവായത്.
ചെന്നൈയില്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഷണ്മുഖസുന്ദരം, ദൂര്‍ദര്‍ശനില്‍ ജോലി ചെയ്യുന്ന വെങ്കടേശന് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് ഷണ്മുഖസുന്ദരത്തിന്റെ ആരോപണം.
അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെന്ഷന് ഉപയോഗിക്കുന്നത് വെങ്കടേശന് ആണ്.
അതിനാല്‍ അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശന് ആണെന്നും ഷണ്മുഖസുന്ദരം ആരോപിക്കുന്നു.
വീട്ടില്‍ നഗ്നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്.
നിലവില്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് 72കാരി. അമ്മയെ ഒറ്റയ്ക്കാക്കി മക്കള്‍ മറ്റു വീടുകളിലാണ് കഴിഞ്ഞിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.
വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒച്ചവെയ്ക്കുമ്പോള്‍ ബിസ്കറ്റും പഴങ്ങളും പൂട്ടിയിട്ട വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് കൊടുക്കാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.
72കാരിയുടെ ദുരവസ്ഥ വര്‍ഷങ്ങളായി അറിയാമെങ്കിലും ഭയം കാരണമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.
മക്കള്‍ക്ക് ഉന്നതതലത്തില്‍ ബന്ധം ഉള്ളതുകൊണ്ട് വിവരം ഒതുക്കാന്‍ സാധ്യതയുണ്ടെന്നും പ്രതികാര നടപടിയുണ്ടാവുമെന്നും കരുതിയിരുന്നതായും അയല്‍വാസികള്‍ പറയുന്നു. പോലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ വീട് കുത്തിത്തുറന്നാണ് അമ്മയെ രക്ഷിച്ചത്.