കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് മുഖ്യ ആസൂത്രകയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.
കടം വാങ്ങിയ 13 ലക്ഷം രൂപ തിരികെ നല്കാതിരിക്കാനാണ് അഞ്ജലി പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
പരാതിക്കാരായ അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്ക് മെയിലിംഗ് ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് സൂചന. ഇതു സംബന്ധിച്ച് അഞ്ജലിയും റോയ് വയലാട്ടും തമ്മില്‍ ഗൂഢാലോചന നടത്തിയതായാണ് നിഗമനം.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതിക്കാര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021 ഒക്ടോബറിലാണ് സംഭവം നടന്നത്.
അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ റോയ് വയലാട്ടിന്റെ കെണിയില്‍പ്പെടുത്താന്‍ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം.
അഞ്ജലി തങ്ങളെ കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടതെന്നും ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലേക്ക് ക്ഷണിക്കുകയായിരുന്നെന്നുമാണ് പരാതിക്കാരുടെ മൊഴി.
പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചതിനു ശേഷം തന്നെയും മകളെയും പിടിച്ചുകൊണ്ടുപോയി ലഹരി പദാര്‍ഥം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
കേസിലെ പ്രതികളായ ഹോട്ടലുടമ റോയ് ജെ.വയലാട്ട്, സൈജു തങ്കച്ചന്, അഞ്ജലി റിമ ദേവ് എന്നിവര്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
പോക്സോ കേസിനു പുറമേ മനുഷ്യക്കടത്ത്, ഗൂഢാലോചന കുറ്റം എന്നിവയും ചുമത്തിയിട്ടുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് റോയി വയലാട്ടും സൈജു തങ്കച്ചനും നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു. അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.