തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി കോൺഗ്രസിന്റെ പേരിൽ സിപിഎം വൻ ധൂർത്താണ് നടത്തിയതെന്ന വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഒരു മുതലാളിത്ത പാർട്ടിക്ക് പോലും ഇത്തരമൊരു സമ്മേളനം നടത്താൻ കഴിയില്ല.
അധ്വാനിക്കുന്ന പാർട്ടിയുടെ ധൂർത്ത് ആയിരുന്നു കണ്ണൂരിൽ നടന്നതെന്നും സുധാകരൻ പറഞ്ഞു.സിപിഎം ഇത്തരത്തിലുള്ള ധൂർത്ത് നടത്തുമ്പോൾ കർഷകർ കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുകയാണ്.
ബിജെപിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധം ഉണ്ട്. ഒരു മുദ്രാവാക്യത്തിന്റെ രണ്ട് തൂവൽ പക്ഷികളാണ് അവരെന്നും സുധാകരൻ വിമർശിച്ചു.
മുഖ്യമന്ത്രി നാട്ടിൽ വർഗീയത പ്രോത്സാഹിപ്പിക്കുകയാണ്. 60 രാഷ്ട്രീയ കൊലപാതകം പിണറായി സർക്കാരിന്റെ കാലത്ത് നടന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1019 പേർ വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു.
കെ റെയിലിനെതിരായ സമരം കോൺഗ്രസ് തുടരും. വീടുകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രചാരണം നടത്തും. സാക്ഷാൽ മുഖ്യമന്ത്രി കുറ്റി നാട്ടിയാലും അത് പിഴുതെറിയും.
സാമൂഹികാഘാത പഠനം എന്തായാലും അത് നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ പറയാൻ പിണറായിയുടെ സ്വന്തം പ്രോപ്പർട്ടി അല്ല കേരളമെന്നും സുധാകരൻ പറഞ്ഞു.