ആലപ്പുഴ: ഡിജിറ്റൽ മെംബർഷിപ്പ് കോണ്‍ഗ്രസിന്റെ സന്പ്രദായമല്ലെന്ന് പ്രഫ. കെ.വി. തോമസ്. ആലപ്പുഴ ബിഷപ് ഹൗസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അംഗത്വ വിതരണം വൻപരാജയമാണ്. പത്തു കാര്യങ്ങളിൽ സത്യപ്രതിജ്ഞയെടുക്കാൻ ഇപ്പോഴത്തെ നേതാക്കളെക്കൊണ്ട് പറ്റില്ല.
ഡിജിറ്റലും പേപ്പറുമില്ലാതെ 50 ലക്ഷം മെംബർഷിപ്പ് എവിടെയെത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും തോമസ് പരിഹസിച്ചു.
2004ൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിന് വിരുദ്ധമായി ലീഡർ കോടോത്ത് ഗോപിയെ സ്ഥാനാർഥിയാക്കി. സോണിയാഗാന്ധി തെന്നല ബാലകൃഷ്ണപിള്ളയെ നിർത്തി.
കോണ്‍ഗ്രസ് സ്ഥാനാർഥി തോക്കരുതെന്ന തീരുമാനത്തിൽ ലീഡറുമായി വ്യക്തിബന്ധങ്ങളിൽ പോലും വിള്ളലുണ്ടാക്കി. അന്നാണ് ഗ്രൂപ്പുവേണ്ടെന്ന് തീരുമാനിച്ചത്.
പിന്നീടാണ് ഗ്രൂപ്പില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് തോന്നിയത്. ഗ്രൂപ്പില്ലാത്ത സുധീരനെയും കുര്യനെയും വിസ്മരിച്ചു. കെപിസിസി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് കരുതുന്നില്ല.
സുധാകരനുമായി നല്ല സൗഹൃദമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പ്രസിഡന്റ് ഇലക്ഷൻ വരുന്പോൾ പ്രധാനകണ്ണികളായ സ്റ്റാലിനെയും യെച്ചൂരിയെയും യോജിപ്പിക്കുന്ന തീരുമാനമാണ് വേണ്ടത്.
സിപിഎം സെമിനാറിൽ കോണ്‍ഗ്രസിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. കെ-റെയിലിനെ കണ്ണടച്ച് എതിർക്കരുതെന്നാണ് പറഞ്ഞത്.
വികസന രാഷ്ട്രീയത്തിൽ ആന്റണിയെയാണ് പിന്തുടരുന്നത്. കരുണാകരനെ കണ്ണടച്ച് എതിർത്തിന്റെ ദുഃഖം കേരളമാണ് അനുഭവിക്കുന്നത്.
എറണാകുളത്ത് വിമാനത്താവളം, ജലഹർലാൽ നെഹ്റു സ്റ്റേഡിയം, മെട്രോ എന്നിവയെല്ലാം അങ്ങനെ വന്നതാണെന്നും കെ.വി. തോമസ് പറഞ്ഞു.