അമ്പലപ്പുഴ: കുരുന്നുകൾക്ക് അറിവു പകരാൻ കെട്ടുറപ്പുള്ള കെട്ടിടമൊരുക്കാൻ ലക്ഷങ്ങൾ വിലയുള്ള സ്ഥലം വിട്ടുനൽകി രാജീവ് പൈ.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13-ാം വാർഡ് കോമന കൃഷ്ണകൃപയിൽ രാജീവ് പൈ (67) യാണ് കുരുന്നുകളുടെ ദുരിതമറിഞ്ഞ് അങ്കണവാടിക്കായി കെട്ടിടം നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്.
ഈ വാർഡിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പല സ്ഥലങ്ങളിലായി താത്കാലിക ഷെഡുകളിലാണ് അങ്കണവാടി പ്രവർത്തിച്ചുവരുന്നത്.
ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മുറിയിലാണ് കഴിഞ്ഞ രണ്ടുവർഷമായി അങ്കണവാടി പ്രവർത്തിക്കുന്നത്.
ഒരുകൂട്ടം കുരുന്നുകളുടെ ദുരിതം നേരിട്ടറിഞ്ഞ രാജീവ് പൈ റോഡരികിൽ തന്റെ ഉടമസ്ഥതയിലുള്ള 16 സെന്റിൽ നിന്ന് മൂന്നു സെന്റ് സൗജന്യമായി അങ്കണവാടിക്കെട്ടിടം നിർമിക്കാൻ വിട്ടുനൽകുകയായിരുന്നു.
ആധാരം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ പ്രദേശത്ത് ഒരു സെന്റ് സ്ഥലത്തിന് നാലു ലക്ഷം രൂപയാണ് വില.
ലക്ഷങ്ങളേക്കാൾ വലുത് കുരുന്നുകളുടെ നല്ല ഭാവിയാണെന്ന തിരിച്ചറിവാണ് ഇതിനുതന്നെ പ്രേരിപ്പിച്ചതെന്നും രാജീവ് പൈ പറയുന്നു.