സീമ മോഹന്‍ലാല്‍
കൊച്ചി: നിയമപാലനമാണ് പോലീസിന്റെ ജോലി എന്നാണ് ഇതുവരെ കേട്ടിരിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ പോലീസുകാര്‍ കശുവണ്ടിയും പെറുക്കണം.
കണ്ണൂര്‍ കേരള ആംഡ് പോലീസ് ബറ്റാലിയന്-4 ന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍നിന്നും കശുവണ്ടി പെറുക്കാനായി മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയുള്ള കൗതുകരമായ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്.
ഇതിനായി ഒരു ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറെയും രണ്ടു ഹവില്‍ദാര്‍മാരെയും ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവില്‍ ഒരു വിഭാഗം പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമായിരിക്കുകയാണ്.
കണ്ണൂര്‍ മങ്ങാട്ടുപറമ്പില് കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിലുള്ള കശുമാവുകളില്നിന്നും കശുവണ്ടി ശേഖരിക്കാനായി നാലു തവണ ലേലം നടത്തിയിരുന്നു.
എന്നാല്‍ കാലാവസ്ഥ വ്യതിയാനം കാരണം ഈ വര്‍ഷം കശുവണ്ടിയുടെ ഉത്പാദനം കുറഞ്ഞു. വിപണിയില്‍ വില കുറവായി.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കശുമാവുകളുടെ എണ്ണം കുറഞ്ഞതും ലേലത്തിന് ആള് ഇല്ലാതാക്കിയതായും ഉത്തരവില്‍ പറയുന്നു.
അതിനാല്‍ നിലവില്‍ പാകമായ കശുവണ്ടികള്‍ താഴെവീണ് നശിച്ചു പോകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് താഴെ വീഴുന്ന കശുവണ്ടികള്‍ നശിച്ചുപോകുന്നതിനുമുമ്പ് ശേഖിരക്കാനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും എസ്ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
അസി. കമാണ്ടന്റ് ക്യൂഎം എല്ലാ ആഴ്ചകളിലും ശേഖരിച്ച കശുവണ്ടിയുടെ കൃത്യമായ തൂക്കം സംബന്ധിച്ച വിശദവിവരങ്ങള്‍ കമാണ്ടന്റിനെ അറിയിക്കണമെന്നും കമാണ്ടന്റ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ഇറങ്ങിയതിനു പിന്നിലെ പോലീസ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച ട്രോളുകളുടെ പ്രവാഹമാണ്.