സീമ മോഹന്‍ലാല്‍
പൂരപ്പറമ്പുകളില്‍ ഉത്സവ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പി.കെ. രാമകുമാര്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ്.
ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിലെല്ലാം ഇദ്ദേഹം പൂരപ്പറമ്പുകളില്‍ ചെണ്ടമേളത്തില്‍ വ്യാപൃതനാകും. ചെണ്ടയില്‍ വിസ്മയം തീര്‍ത്ത് രാമകുമാര്‍ കൊട്ടിക്കയറുമ്പോള്‍ പൂരപ്രേമികളുടെ മനം നിറയുകയാണ്.
കുട്ടിക്കാലം മുതലുള്ള മോഹം
നെട്ടൂര്‍ പുതിയമഠത്തില്‍ വീട്ടില്‍ രാമകുമാറിന് കുട്ടിക്കാലം മുതല്‍ ചെണ്ട മേളം പഠിക്കാന്‍ മോഹമുണ്ടായിരുന്നു.
ഉത്സവപ്പറമ്പുകളില്‍ പോകുമ്പോള്‍ ചെണ്ടമേളം നോക്കിനില്ക്കാറുണ്ടായിരുന്നു. പക്ഷേ പല കാരണങ്ങളും കൊണ്ട് അന്ന് പഠനം സാധ്യമായില്ല.
തുടര്‍ന്ന് 2004ല്‍ പൂണിത്തുറ ശ്രീരാജ് മാരാരുടെ കീഴില്‍ ചെണ്ടമേളം പഠിക്കാന്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല.
2005ല്‍ രാമകുമാറിന് പോലീസില്‍ ജോലി കിട്ടിയതിനെത്തുടര്‍ന്നു ചെണ്ട പഠനം പാതിവഴിയില്‍ നിർത്തി. എങ്കിലും കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തെ അദ്ദേഹം കൂടെക്കൂട്ടി.
പോലീസ് ജോലിയില്‍ തുടരവേ 2015ല്‍ നെട്ടൂര്‍ അനില്‍ മാരാരുടെ ശിക്ഷണത്തില്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന് വിശദപഠനത്തിനായി ആര്‍എല്‍വി മഹേഷ്കുമാറിന്റെ ശിക്ഷണം സ്വീകരിച്ചു. പഞ്ചാരിയും പാണ്ടിമേളവും അടന്തയും അഞ്ചടന്തയും ധ്രുവവും ചെമ്പടയും കേളികൊട്ടും പൂര്‍ത്തിയാക്കി ഇപ്പോള്‍ തായമ്പക പഠിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം.
എറണാകുളം ജില്ലയിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും ഇദ്ദേഹം ചെണ്ടമേളം നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മരട് കൊട്ടാരം ദേവീക്ഷേത്രത്തില്‍ മേളപ്രമാണി പദ്മശ്രീ പെരുവനം കുട്ടന്മാരാര്ക്കൊപ്പം മേളത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് രാമകുമാര്‍ പറഞ്ഞു.
ജോലിയെ ബാധിക്കാതെയുള്ള മേളം
തികച്ചും പ്രതിഫലേച്ഛ കൂടാതെയാണ് രാമകുമാറിന്റെ മേളം. ചെണ്ടമേളത്തെ പാഷനായാണ് ഇദ്ദേഹം കാണുന്നത്. ചെണ്ടകൊട്ട് ജോലിയെ ബാധിക്കരുതെന്ന് രാമകുമാറിന് കര്‍ശന നിര്‍ബന്ധമുണ്ട്.
ലീവ് എടുക്കാതെ റെസ്റ്റുള്ള സമയങ്ങളില്‍ മാത്രമാണ് രാമകുമാര്‍ ചെണ്ടമേളത്തിനു പോകുന്നത്. പരിശീലനവും ഇങ്ങനെ തന്നെയാണ്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ദിവസം മുഴുവന്‍ ചെണ്ട പരിശീലനം നടത്തും. മറ്റുള്ള ദിവസങ്ങളില്‍ രാത്രിയിലും പരിശീലനം നടത്താറുണ്ട്.
നല്ലൊരു ചിത്രകാരന്
രാമകുമാര്‍ നല്ലൊരു ചിത്രകാരന് കൂടിയാണ്. ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ഇദ്ദേഹം മനോഹരമായ ചിത്രങ്ങളാണ് വരയ്ക്കുന്നത്.
അക്രിലിക്കും വാട്ടര്‍ കളറുമാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കുന്ന മാധ്യമം. മനോഹരമായ പ്രകൃതിദൃശ്യങ്ങളും പോര്ട്രേറ്റുമെല്ലാം ഇദ്ദേഹത്തിന്റെ കരവിരുതില്‍ മികവാര്‍ന്ന ചിത്രങ്ങളായി മാറുന്നു.
തൃപ്പൂണിത്തുറ ഗവ. കോളജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്ന രാമകുമാര്‍ കോളജ് പഠനകാലത്ത് എംജി സര്‍വകലാശാല കലോത്സവത്തിന് ചിത്രരചന, നാടകം, മൈം, ഫാന്‍സിഡ്രസ് എന്നിവയില്‍ പല തവണ സമ്മാനം നേടിയിട്ടുണ്ട്.
പിന്തുണയേകി കുടുംബം
എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥയായ ഭാര്യ മായയും വിദ്യാര്‍ഥികളായ മക്കള്‍ ബാലഗോപാലും ഗൗരിനന്ദയും പിന്തുണയേകി രാമകുമാറിന്റെ കൂടെയുണ്ട്.