രുമേലി: അർധ രാത്രിയിൽ വീട്ടിൽ മോഷണ ശ്രമം നടത്തിയ കേസിൽ എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ എരുമേലി കനകപ്പലത്ത് മുൻ സൈനികൻ തടത്തേൽ സജിത്തിന്റെ വീട്ടിലാണ് സംഭവം.
വളർത്തുനായകൾക്ക് വിഷം നൽകിയും പശുക്കളെ തൊഴുത്തിൽ നിന്ന് അഴിച്ചു വിട്ടും കുടിവെള്ള ടാപ്പുകൾ തുറന്നുവിട്ടും വീട്ടുകാരുടെ ശ്രദ്ധ തിരിച്ചശേഷമാണ് മോഷണം നടത്താൻ ശ്രമിച്ചത്.
മോഷണ ശ്രമമുണ്ടായ ദിവസം രാത്രിയിൽ വളർത്തു നായയുടെ അസാധാരണമായ കുര കേട്ട് സജിത് വീടിന് പുറത്ത് ഇറങ്ങിയപ്പോൾ രണ്ട് നായകളുടെയും വായിൽ നിന്ന് നുരയും പതയും കണ്ടു.
കൂടുതൽ അവശ നിലയിലായിരുന്ന ഒരു നായ ചത്തു. മറ്റേ നായയ്ക്കു ചികിത്സ നല്കി. രാത്രിയിൽ നായയുടെ കുര കേട്ട് ഉണർന്ന സജിത് വീടിന് പുറത്തിറങ്ങിയപ്പോൾ മുറ്റത്തെ ടാപ്പിൽ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു.
ആരോ ടാപ്പ് തുറന്നു വിട്ടതാണെന്ന് മനസിലായി. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ പറന്പിൽ നിന്ന് കണ്ടെത്തി.
ഏതാനും ദിവസങ്ങൾക്ക് മുന്പ് അപരിചിതരായ രണ്ട് സ്ത്രീകൾ ധന സഹായം ചോദിച്ച് വീട്ടിൽ വന്നിരുന്നെന്നും ഈ സമയം വീട്ടിൽ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നതെന്നും സുജിത് പറഞ്ഞു.
സ്ത്രീകൾ വീട്ടുമുറ്റത്ത് നിൽക്കുന്പോൾ ഇവരെ കാത്തു നിൽക്കുന്ന പോലെ അപരിചിതരായ രണ്ട് പുരുഷൻമാർ സമീപത്തെ റോഡരികിൽ ഉണ്ടായിരുന്നു.
എസ്ഐ എം.എസ്. അനീഷിന്റെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധിച്ച് തെളിവെടുപ്പ് നടത്തി. അടുത്തയിടെ മോഷണവും ഒട്ടേറെ മോഷണ ശ്രമങ്ങളും മേഖലയിലുണ്ടായി.
വള്ളപ്പുരയ്ക്കൽ ഈപ്പൻ ജേക്കബിന്റെ വീട്ടിൽ കതക് വെട്ടിപ്പൊളിച്ച് സ്വർണം ഉൾപ്പടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.